ലൈഫ് മിഷൻ ജില്ലാതല പൂർത്തീകരണ പ്രഖ്യാപനം നടത്തി ലൈഫ് മിഷന്റെ ഭാഗമായി തൊഴിൽ പരിശീലനം കൂടി നൽകും: മന്ത്രി എ. സി. മൊയ്തീൻ
ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് ഉപജീവനത്തിനായി കുടുംബശ്രീയും വ്യവസായ വകുപ്പുമായി ചേർന്ന് തൊഴിൽ പരിശീലനം കൂടി നൽകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീൻ പറഞ്ഞു.
ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി തൃശൂർ ജില്ലാതല പൂർത്തീകരണ പ്രഖ്യാപനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വീട് നിർമ്മാണം മാത്രമല്ല ഉപജീവനം നൽകൽ കൂടി ലൈഫിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ 17251 ഗുണഭോക്താക്കൾ കരാർ വെച്ചതിൽ 14687 പേരുടെ വീടുകൾ പൂർത്തീകരിച്ചു. ശേഷിച്ച 2564 പേരുടെ വീടുകൾ മാർച്ച് 31ഓടെ പൂർത്തീകരിക്കും. ഇതോടെ രണ്ടു ഘട്ടം ലക്ഷ്യം കാണും. മൂന്നാം ഘട്ടത്തിൽ ഭൂമിയില്ലാത്ത ഭവനരഹിതരെ പരിഗണിക്കും. ഈ ഘട്ടത്തിൽ 100 വീടുകൾ വീതം ഉള്ള ഫ്ളാറ്റുകളുടെ നിർമ്മാണത്തിന് 28 ഇടങ്ങളിൽ സ്ഥലം ലഭ്യമായി. ഇതിൽ ഇടുക്കി അടിമാലിയിൽ വീടുകൾ നൽകി. വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റ് നിർമ്മാണം അവസാന ഘട്ടത്തിലാണ്. മൂന്നാമത്തെ ഘട്ടത്തിന്റെ അവസാനം പുതിയ റേഷൻ കാർഡുള്ള ഭവനരഹിതരെയും പരിഗണിക്കും. പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട 55000 പേരെ ലൈഫിന്റെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്താൻ ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ ഒഴിവാക്കി. മത്സ്യത്തൊഴിലാളി വിഭാഗത്തിലെ 9000 പേരെ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് പട്ടിക ലഭ്യമാക്കിയിട്ടുണ്ട്. പ്രളയത്തിൽ തകർന്ന വീടുകളും പുനർനിർമ്മിക്കും. ലൈഫ് സർക്കാരിന്റെ മാത്രം പദ്ധതി അല്ല. സുമനസ്സുകളുടെ കൂടി സഹായത്തോടെ നടത്തുന്ന ജനകീയ പദ്ധതിയാണ്. ഇത് പൂർത്തിയാവുന്നതോടെ ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
ലൈഫ് മിഷൻ ഒന്നാം ഘട്ടം - പൂർത്തിയാവാത്ത ഭവനങ്ങളുടെ പൂർത്തീകരണം, രണ്ടാം ഘട്ടം - ഭൂമിയുള്ള ഭവനരഹിതരായ ഗുണഭോക്താക്കൾക്ക് പാർപ്പിടം നൽകൽ, പി.എം.എ.വൈ ഗ്രാമം, നഗരം എന്നീ പദ്ധതികളിലൂടെ നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ ജില്ലാതല പൂർത്തീകരണ പ്രഖ്യാപനമാണ് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ വൻ ജനപങ്കാളിത്തത്തോടെ നടന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മേയർ അജിത വിജയൻ മുഖ്യപ്രഭാഷണം നടത്തി. എം എൽ എ മാരായ ഇ ടി ടൈസൺ മാസ്റ്റർ, യു ആർ പ്രദീപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കെ. ഉദയപ്രകാശ്, കേരള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടന്റ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി എസ് വിനയൻ, കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബീദലി, ലൈഫ് മിഷൻ കോർഡിനേറ്റർ ലിൻസ് ഡേവീഡ്, എഡിസി പി എൻ അയന, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺമാർ എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ എസ് ഷാനവാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments