Skip to main content

പഞ്ചായത്തുകൾക്ക് ഗ്രേഡിങ് ഏർപ്പെടുത്തും: മന്ത്രി എ.സി. മൊയ്തീൻ

സംസ്ഥാനത്തെ പഞ്ചായത്തുകൾക്ക് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഗ്രേഡിംഗ് ഏർപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.
തൃശൂർ ജില്ലയിലെ 86 പഞ്ചായത്തുകളും അന്തർദേശീയ നിലവാര സൂചികയായ ഐഎസ്ഒ സർട്ടിഫിക്കേഷൻ നേടിയതിന്റെ ജില്ലാതല പ്രഖ്യാപനം ടൗൺ ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പഞ്ചായത്ത് ഭരണസമിതികളുടെയും ഉദ്യോഗസ്ഥരുടെയും മികവിന്റെ സോഷ്യൽ ഓഡിറ്റിംഗ് ആയി ഗ്രേഡിങ് മാറുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളും 941 ഗ്രാമപഞ്ചായത്തുകളിൽ രണ്ടെണ്ണം ഒഴികെ എല്ലാ പഞ്ചായത്തുകളും ഐഎസ്ഒ സർട്ടിഫിക്കേഷൻ നേടി. ഇനി അടുത്ത അഞ്ച് മാസം കൊണ്ട് മുഴുവൻ ജില്ലാ പഞ്ചായത്തുകളും കോർപറേഷനുകളും മുനിസിപ്പാലിറ്റികളും കിലയുടെ നേതൃത്വത്തിൽ ഐഎസ്ഒ സർട്ടിഫിക്കേഷൻ നേട്ടം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ-കാർഷിക മേഖലകളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന നിലപാട് തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കണം. സുതാര്യമായി, നിയമവിധേയമായി വേഗത്തിൽ കാര്യങ്ങൾ നടക്കണം. നിയമത്തിന്റെ വ്യാഖ്യാനം ജനപക്ഷത്തു നിന്ന് നടത്തണം. ജനപ്രതിനിധികൾ വിരമിക്കൽ മാനസികാവസ്ഥ ഉപേക്ഷിക്കണം. ഈ വേനൽക്കാലത്ത് ജലാശയ സംരക്ഷണം, ശുചീകരണം, വാർഡ്തല ആരോഗ്യ സമിതി പ്രവർത്തനങ്ങൾ എന്നിവ ജനപങ്കാളിത്തത്തോടെ നടത്തണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ഇന്ത്യയ്ക്കാകെ മാതൃകയാണെന്നും അത്ഭുതങ്ങൾ സൃഷ്ടിച്ചവയാണെന്നും മന്ത്രി പറഞ്ഞു.
കില, പഞ്ചായത്ത് വകുപ്പ്, വിവിധ പഞ്ചായത്തുകൾ എന്നിവയ്ക്കുള്ള ഉപഹാരങ്ങളും മന്ത്രി സമ്മാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. എം.എൽ.എമാരായ ഇ.ടി. ടൈസൺ മാസ്റ്റർ, യു.ആർ. പ്രദീപ്, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, കേരള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ. സതീശൻ, സെക്രട്ടറി പി.എസ്. വിനയൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, പഞ്ചായത്ത് അസി. ഡയറക്ടർ പി.ടി. പ്രസാദ് എന്നിവർ സംസാരിച്ചു.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളേയും ഐ.എസ്.ഒ നിലവാരത്തിലെത്തിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്ത ശേഷം ഇക്കഴിഞ്ഞ രണ്ടു വർഷങ്ങളിലായി പ്രളയത്തിൽ പഞ്ചായത്ത് കെട്ടിടങ്ങളിൽ ചിലത് പൂർണമായും അതിലേറെ എണ്ണം ഭാഗികമായും നശിച്ചിരുന്നു. എന്നിട്ടുപോലും ചുരുങ്ങിയ സമയത്തിനുള്ളിൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളും ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടുകയെന്ന ശ്രമകരമായ ദൗത്യത്തിൽ കഴിഞ്ഞ ഏപ്രിൽ മാസത്തോടെ വിജയിക്കാൻ ജില്ലയ്ക്കായി.
കൂടാതെ, അപേക്ഷകർക്കുള്ള എസ്.എം.എസ്. അലർട്ട്, പരാതി പരിഹാര അദാലത്ത് എന്നിവയിലൂടെ പഞ്ചായത്ത് മുഖേനയുള്ള സേവനങ്ങൾ കൂടുതൽ ജനകീയവും ഫലപ്രദവുമാക്കുന്നതിന് ഇക്കാലയളവിൽ കഴിഞ്ഞിട്ടുണ്ട്.

date