വിദ്യാർഥികൾക്ക് അഗ്‌നിശമനസേനയുടെ ബോധവത്ക്കരണം
സ്‌കൂൾ വിദ്യാർത്ഥികൾക്ക് അഗ്‌നിശമനസേന രക്ഷാപ്രവർത്തന ബോധവത്ക്കരണ ക്ലാസ്സ് നടത്തി. അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് എല്ലാ വിദ്യാർത്ഥികളിലും അവബോധമുണ്ടാക്കി സ്വയം-രക്ഷാപ്രവർത്തനങ്ങളിൽ കുട്ടികളെ സജ്ജരാക്കുകയുമാണ് പ്രധാന ലക്ഷ്യം. 'ക്ലാസിഫിക്കേഷൻ ഓഫ് ഫയർ' വിഷയത്തെ ആധാരമാക്കി തീ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ, തീ ഉണ്ടായാൽ നേരിടുന്നതിനുള്ള മാർഗ്ഗങ്ങൾ, തീയണയ്ക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയെക്കുറിച്ച് ശാസ്ത്രീയമായി അവതരിപ്പിക്കുകയും അതിന് വേണ്ട പ്രാഥമിക പരിശീലനങ്ങളും വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. കൂടാതെ ഒന്നിൽ കൂടുതൽ നിലകളുള്ള കെട്ടിടങ്ങളിൽ നടത്തുന്ന ചെയർ നോട്ട് റെസ്‌ക്യു ആക്ടിവിറ്റി, സി.പി.ആർ., കൃത്രിമ ശ്വാസം നൽകൽ തുടങ്ങി അടിയന്തര പ്രാഥമിക ചികിത്സ, ഇലക്ട്രിസിറ്റി ഫയർ, ഗ്യാസ് ലീക്കേജ് തുടങ്ങിയ അപകട സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് പരിശീലന ക്ലാസ്സുകളും അഗ്‌നിശമനസേനയുടെ നേതൃത്വത്തിൽ നൽകി വരുന്നു. ജില്ലയിൽ ഫ്‌ളാറ്റുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് ഹൈഡ്രെന്റ് വാൾവ് ഫയർ സിസ്റ്റം ഇൻസ്റ്റലേഷന്റെ പ്രാധാന്യത്തെക്കുറിച്ചും ഫയർ സിസ്റ്റത്തിന്റെ ഉപയോഗത്തെക്കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുള്ള നടപടികളും വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്.
തൃശ്ശൂർ ജില്ലാ സ്റ്റേഷൻ ഓഫീസർ കെ.യു.വിജയ് കൃഷ്ണ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഡി. ബൽറാം ബാബു, സീനിയർ ഫയർ ഓഫീസർമാരായ അനിൽകുമാർ, പോൾഡേവിഡ്, ഹരികുമാർ എന്നിവരുടെയും ബന്ധപ്പെട്ട ഫയർ ആൻഡ് റെസ്‌ക്യു ഓഫീസേഴ്‌സിന്റെയും നേതൃത്വത്തിലാണ് ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തി വരുന്നത്.
- Log in to post comments