Skip to main content
 ജീവനി പദ്ധതി ജില്ലാതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിക്കുന്നു.

സുരക്ഷിത-പോഷക സമൃദ്ധ പച്ചക്കറിക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ ജീവനി പദ്ധതി:  മന്ത്രി വി.എസ്. സുനില്‍ കുമാര്‍

കൃഷിക്ക് പ്രാഥമിക പരിഗണന നല്‍കി സംസ്ഥാനത്ത് വിഷരഹിത-സുരക്ഷിത- പോഷക സമൃദ്ധ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കാനാണ് ജീവനി പദ്ധതിയെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്  (2020 ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ വരെ) 470 ദിവസത്തിനകം സംസ്ഥാനത്ത് വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജീവനി 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയിലെ പുരോഗതി അളക്കുന്നത് കാര്‍ഷിക വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം കാര്‍ഷിക മേഖലയില്‍ ഘട്ടം ഘട്ടമായി സര്‍ക്കാര്‍ നടത്തിയ ഇടപ്പെടലില്‍ സംസ്ഥാനത്തെ കാര്‍ഷിക വളര്‍ച്ചാ നിരക്ക് ദേശീയ വളര്‍ച്ചാ നിരക്കിനേക്കാല്‍ പ്ലസ് 3.68 ശതമാനം ഉയര്‍ന്നതായി മന്ത്രി അറിയിച്ചു. കര്‍ഷകര്‍ക്ക് വരുമാനവും സുരക്ഷയും ഉറപ്പാക്കുന്നതിന് രാജ്യത്തെ ആദ്യ കര്‍ഷക ക്ഷേമ ബോര്‍ഡ് രൂപീകൃതമാവുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. 18 നും 55 ഇടയില്‍ പ്രായമുള്ള കര്‍ഷകര്‍ക്ക് ബോര്‍ഡില്‍ അംഗത്വം നല്‍കും. അതോടൊപ്പം കര്‍ഷകര്‍ക്ക് പെന്‍ഷന്‍, ചികിത്സാ-വിവാഹ -വിദ്യാഭ്യാസ-ധനസഹായം, ഇന്‍ഷൂറന്‍സ് എന്നിവ ലഭ്യമാക്കും.

സംസ്ഥാനത്ത് നെല്‍കൃഷി ലാഭകരമാണ് 26.90 രൂപയാണ് നെല്ല് സംഭരണത്തിലൂടെ കര്‍ഷകര്‍ക്ക് നല്‍കുന്നത്. സംസ്ഥാനത്ത് 2029 ഓടെ നാളികേര മിഷന്റെ സഹകരണത്തോടെ രണ്ട് കോടി തെങ്ങിന്‍ തൈകള്‍ വെച്ച്പിടിപ്പിക്കും. ജില്ലയില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, എല്ലാവരും സുരക്ഷിത പച്ചക്കറി കൃഷികള്‍ അവലംബിക്കണമെന്നും മന്ത്രി പറഞ്ഞു. ജൈവപച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരിക്ക് കൈമാറി. നാടന്‍ വിത്തിനങ്ങള്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി ധന്യയ്ക്ക് മന്ത്രി നല്‍കി. വേലന്താവളം എ വണ്‍ മഹലില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷതവഹിച്ചു. വടകരപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. കൊളന്തെ തെരേസ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.വി. മുരുകദാസ്, പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ ബി.ശ്രീകുമാരി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍(എന്‍.ഡബ്ല്യൂ.ഡി.പി.ആര്‍.എ) സി.ജെ സണ്ണി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി.റീത്ത, ഹരിതകേരളം ജില്ലാ കോ-ഓഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍, ത്രിതപഞ്ചായത്ത് പ്രതിനിധികള്‍,  കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍(ഇ ആന്‍ഡ് ടി) എ.വസന്ത എന്നിവര്‍ സംസാരിച്ചു.

ജീവനി 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം'

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ്, ഹരിത കേരള മിഷന്‍ എന്നിവയുടെ സഹകരത്തോടെയാണ് ജീവനി പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. സംസ്ഥാന കൃഷി വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, വി.എഫ്.പി.സി.കെ, എസ്.എഫ്.എ.സി, ആത്മ, തുടങ്ങിയ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി യുവജനങ്ങള്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ എന്നിവരെ സുരക്ഷിത പച്ചക്കറി കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ ആവശ്യമായ നടീല്‍വസ്തുക്കളും ജൈവ ഉല്‍പാദനോപാധികള്‍ എന്നിവ പദ്ധതിപ്രകാരം നല്‍കുന്നു.  വിജയകരമായി കൃഷി ചെയ്ത് വിപണനം നടത്തുന്നതിന് കൃഷിഭവന്‍ തലത്തില്‍ കൃഷി പാഠശാലയിലൂടെ ആവശ്യമായ പരിശീലനം സൗജന്യമായി നല്‍കും. 470 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന പദ്ധതി കാലയളവില്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും പച്ചക്കറി കൃഷിയെന്ന ലക്ഷ്യത്തോടെ രണ്ടുലക്ഷത്തോളം കര്‍ഷകര്‍ ഉള്‍പ്പെടുന്ന ക്ലസ്റ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കും. പച്ചക്കറികൃഷിയില്‍ ആയിരം സൂക്ഷ്മ ജലസേചന യൂണിറ്റുകള്‍ സ്ഥാപിക്കും, വിപണനസാധ്യത ഉറപ്പുവരുത്തുന്നതിനായി രജിസ്റ്റര്‍ ചെയ്ത ക്ലസ്റ്റുകളുടെയും ഇക്കോഷോപ്ുപുകളുടെയും അപ്പെക്സ് ബോഡി ജില്ലാതലത്തില്‍ രൂപീകരിക്കും.

പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ ലഭ്യമായ സ്ഥലത്ത് പദ്ധതി അടിസ്ഥാനത്തില്‍ ജൈവ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ 2500 ഓളം സ്‌കൂളുകളില്‍ പച്ചക്കറി കൃഷി നടപ്പാക്കും. ആരോഗ്യ വകുപ്പിന്റെ ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി വീട്ടമ്മമാര്‍ക്കിടയില്‍ ഭക്ഷണക്രമത്തില്‍ സുരക്ഷിത പച്ചക്കറിയുടെ പ്രാധ്യാനത്തെക്കുറിച്ച്  അവബോധം നല്‍കും.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ ജനപ്രതിനിധികളുടെയും പുരയിടത്തിലും അവര്‍ നിര്‍ദ്ദേശിക്കുന്ന മറ്റിടങ്ങളിലും ജൈവ രീതിയിലുള്ള പോഷക പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്്. ജീവനി 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതി സുരക്ഷിതമായ ഭക്ഷണം പൗരന്റെ അവകാശം എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു കാല്‍വെയ്പ്പായാണ് കൃഷി വകുപ്പ് നടപ്പാക്കുന്നത്.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 2017-18 പച്ചക്കറി വികസന പദ്ധതി അവാര്‍ഡിന് അര്‍ഹരായവര്‍

കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 2017-18, 2018-19 പച്ചക്കറി വികസന പദ്ധതി അവാര്‍ഡിന് അര്‍ഹരായവര്‍ക്ക് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

മികച്ച മട്ടുപ്പാവ് കൃഷിയില്‍ അഷ്‌റഫ്, പട്ടാമ്പി; അക്കര ഹമീദ്, മണ്ണാര്‍ക്കാട്; സുന്ദര്‍, പാലക്കാട് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.  സി.എസ്. മഹേഷ്, നെന്മാറ മികച്ച കൃഷി അസിസ്റ്റന്റിനുളള ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. മികച്ച കൃഷി ഓഫീസര്‍ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ എം.എസ്. റീജ, പി.പി. ശരത്ത് മോഹനും നേടി. മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുളള അവാര്‍ഡ് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, ചിറ്റൂര്‍ ഒന്നാം സ്ഥാനവും ജി.എല്‍.പി.എസ്. നൂറണി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മികച്ച വിദ്യാര്‍ഥികള്‍ക്കുളള അവാര്‍ഡിന് നെന്മാറയിലെ ജി.എല്‍.പി.എസ്. പല്ലാവൂര്‍,  സ്‌കൂളിലെ എം. വിഷ്ണുവും കെ.കെ.ഹംസ സ്ട്രീറ്റ്, പൂളക്കാട് സ്‌കൂളിലെ പി.എച്ച്. ഹാഷിറും നേടി. ജി.എല്‍.പി.എസ്. നൂറണി സ്‌കൂളിലെ പി.ഡി. അധ്യാപികയായ എം.എസ്. ലളിത മികച്ച അധ്യാപികയ്ക്കുളള അവാര്‍ഡിന് അര്‍ഹയായി. ചന്ദ്രാനഗറിലെ ഡിവൈന്‍ പ്രൊവിഡന്‍സ് ഹോം മികച്ച സ്വകാര്യമേഖലാ സ്ഥാപനമായി തെരഞ്ഞെടുത്തു. മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷന്‍, കാംകോ ലിമിറ്റഡ്, ഗവ. വിക്‌ടോറിയ കോളേജും മികച്ച പൊതുമേഖലാ സ്ഥാപനത്തിനുളള ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മികച്ച കര്‍ഷകര്‍ക്കുളള അവാര്‍ഡിന് അന്തോണി സ്വാമി, ചിറ്റൂര്‍ ഒന്നാം സ്ഥാനവും; എസ്. ഷാഹുല്‍ ഹമീദ്, ചിറ്റൂര്‍ രണ്ടാം സ്ഥാനവും; ടി. മാധവന്‍, ഷൊര്‍ണ്ണൂര്‍; എസ്.എസ്. സനോജ്, അഗളി മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടറായി റാണി പ്രകാശ്, ആലത്തൂരിന് ഒന്നാം സ്ഥാനം, ലക്ഷ്മിദേവി, മലമ്പുഴ, ഇ.കെ. യൂസഫ്, മണ്ണാര്‍ക്കാട് രണ്ടാം സ്ഥാനം എ.സി. ആശാനാദ്, ഷൊര്‍ണ്ണൂര്‍ മൂന്നാം സ്ഥാനവും നേടി.

2018-19 - ലെ അവാര്‍ഡിന് അര്‍ഹരായവര്‍

എന്‍. വത്സലകുമാരി, നെന്മാറ, എം. സുജാത, പല്ലാവൂര്‍, എ. വിജയന്‍, കൊല്ലങ്കോട് എന്നിവര്‍ മികച്ച മുട്ടുപ്പാവ് കൃഷിക്കുളള ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മികച്ച കൃഷി അസിസ്റ്റന്റിനുളള അവാര്‍ഡുകള്‍ കെ ദീപ, കൊല്ലങ്കോട് ഒന്നാം സ്ഥാനവും സി. റീത്ത, ചിറ്റൂര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വി.എസ്. ദിലീപ്കുമാര്‍, കൊല്ലങ്കോട്; പി. ഹംസ, പാലക്കാട് എന്നിവര്‍ മികച്ച കൃഷി ഓഫീസര്‍/കൃഷി ഫീല്‍ഡ് ഓഫീസര്‍ അവാര്‍ഡിന് അര്‍ഹരായി. മികച്ച വിദ്യാലയമായി പി.കെ.എച്ച്.എം.ഒ.യു.പി.എസ്. എടത്തനാട്ടുകര, മണ്ണാര്‍ക്കാട് ഒന്നാം സ്ഥാനവും ജി.എല്‍.പി.എസ്. നൂറണി രണ്ടാം സ്ഥാനവും ജി.എല്‍.പി.എസ്. പല്ലാവൂര്‍ മൂന്നാം സ്ഥാനവും നേടി. എസ്. സാരംഗ് (പി.കെ.എച്ച്.എം.ഒ.യു.പി.എസ്. എടത്തനാട്ടുകര), കെ. ബിലാല്‍ (ജി.എല്‍.പി.എസ്.നൂറണി) തെരഞ്ഞെടുക്കപ്പെട്ടു. വി. റസാക്ക് (പി.കെ.എച്ച്.എം.ഒ.യു.പി.എസ്.), എം. ഷഹര്‍ബാന്‍ (ജി.എല്‍.പി.എസ്. നൂറണി), കെ. അജീഷ് രാജ്, (ചിന്മയ വിദ്യാലയം) മികച്ച അധ്യാപകര്‍ക്കുളള ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മികച്ച പ്രഥമ അദ്ധ്യാപകനായി പി.കെ.എച്ച്.എം.ഒ.യു.പി.എസ്. എടത്തനാട്ടുകര സ്‌കൂളിലെ കെ.കെ. അബൂബക്കര്‍ ഒന്നാം സ്ഥാനവും ജി.എല്‍.പി.എസ്. പല്ലാവൂര്‍, സ്‌കൂളിലെ എച്ച് ഹാരൂണ്‍ മാസ്റ്റര്‍ രണ്ടാം സ്ഥാനവും ജി.എല്‍.പി.എസ്. നൂറണിയിലെ കെ.സി. ശ്രീധരന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച കര്‍ഷകനായി ലിയോ പോള്‍ക്രൂസ്, ചിറ്റൂര്‍ ഒന്നാം സ്ഥാനവും എ.പി. ഉമ്മര്‍, മണ്ണാര്‍ക്കാട്; പി. രാജന്‍, അഗളി എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു ആര്‍ പ്രഭു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുതുമ വെജിറ്റബള്‍ ക്ലസ്റ്റര്‍, കൊല്ലങ്കോട് മികച്ച ക്ലസ്റ്ററായി തിരഞ്ഞെടുത്തു. എം.എന്‍. രാമകൃഷ്ണന്‍, കോട്ടായി ഓണത്തിന് ഒരു മുറം പച്ചക്കറി ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. ജൈവകൃഷിയില്‍ മികച്ച പ്രകടനത്തിന് കണ്ണമ്പ്ര, എരുത്തേമ്പതി,പല്ലശ്ശന ഗ്രാമപഞ്ചായത്തുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടറായി എ.സി. ആശാനാദ്, ലക്ഷ്മിദേവി ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. മികച്ച കൃഷി ഓഫീസര്‍ പി.പി. ശരത്‌മോഹന്‍ ഒന്നാം സ്ഥാനം നേടി. അബ്ദുള്‍ ഖാദര്‍, എരുത്തേമ്പതി, വിജുമോള്‍ എന്നിവര്‍ മികച്ച കൃഷി അസിസ്റ്റന്റ്മാരായി തെരഞ്ഞെടുക്കപ്പെട്ടു.
 

date