സാധാരണക്കാരന് നീതിലഭിക്കാത്ത അവസ്ഥ ജനാധിപത്യത്തിന് ഭൂഷണമല്ല: മന്ത്രി ഇ പി ജയരാജന്‍ മട്ടന്നൂരിലും തില്ലങ്കേരിയിലും അദാലത്തുകള്‍ സംഘടിപ്പിച്ചു
സാധാരണക്കാരായ ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങിയിട്ടും നീതി ലഭിക്കാതെ വരുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. മട്ടന്നൂര്‍, തില്ലങ്കേരി എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷകളിലും പരാതികളിലും വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കണം. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോടതിയെ സമീപിക്കുന്നത് സാധാരണക്കാരന് സാമ്പത്തിക ബാധ്യത ഉണ്ടാക്കും. അത്തരം സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനും വേഗത്തില്‍ പരിഹരിക്കപ്പെടുന്നതിനും അദാലത്തുകള്‍ വഴി സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.
മട്ടന്നൂര്‍ മിനിസിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഇഴഞ്ഞു നീങ്ങുന്നത് ഉദ്യോഗസ്ഥതലത്തിലുള്ള ചെറിയ തടസ്സങ്ങള്‍ മൂലമാണെന്നും അത് വേഗത്തില്‍ തന്നെ പൂര്‍ത്തീകരിക്കണമെന്നും കുടുംബശ്രീ സംവിധാനം വിപുലീകരിച്ച് കൂടുതല്‍ സ്ത്രീകള്‍ക്ക് സാമൂഹിക സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സിവില്‍ സപ്ലൈസ്, റവന്യൂ, ഇറിഗേഷന്‍, കെഎസ്ഇബി, വിദ്യാഭ്യാസം, കൃഷി, ജലം, ബാങ്ക്, സാമൂഹ്യനീതി, വനിതാവികസനം, പോലീസ്, വ്യവസായം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അദാലത്തിലെത്തിയിരുന്നു. ചികിത്സാ ധനസഹായങ്ങള്‍, സാമ്പത്തിക സഹായം, ദുരിതാശ്വാസം ഉള്‍പ്പെടെ ആകെ 238 പരാതികളാണ് ലഭിച്ചത്. 160 അപേക്ഷകള്‍ നഗരസഭയ്ക്ക് മുന്‍കൂട്ടി ലഭിച്ചു. 78 എണ്ണം പരാതിക്കാര്‍ അദാലത്തില്‍ നേരിട്ടെത്തി സമര്‍പ്പിച്ചു. ആകെ ലഭിച്ചതില്‍ 145 പരാതികള്‍ അദാലത്തില്‍ തന്നെ പരിഹരിക്കപ്പെട്ടു. പരിഹരിക്കപ്പെടാത്ത പരാതികള്‍ പരിശോധിച്ച് ഉന്നതതല നടപടികള്‍ വേണ്ട പരാതികള്‍ സംബന്ധിച്ച് തീരുമാനമെടുക്കും. അദാലത്തില്‍ നേരിട്ട് ലഭിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും തുടര്‍നടപടികള്‍ അതത് വകുപ്പുകള്‍ രേഖാമൂലം പരാതിക്കാരെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു അധ്യക്ഷയായി. വൈസ്‌ചെയര്‍മാന്‍ പി പുരുഷോത്തമന്‍, സെക്രട്ടറി വി എന്‍ അനീഷ്, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ നടന്ന അദാലത്തില്‍ 250ല്‍ അധികം പരാതികളാണ് ലഭിച്ചത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് ലഭിക്കുന്നതിന് വേണ്ടിയുള്ള പരാതികളാണ് അദാലത്തില്‍ കൂടുതലായി ലഭിച്ചത്. നിലവിലെ നിയമപരിധിയില്‍ പെടാതെ ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തിലും ഒഴിവാക്കപ്പെട്ട ഭവനരഹിതരായ 91 പേരാണ് അപേക്ഷ സമര്‍പ്പിച്ചത്.
ഇവരുടെ പരാതികള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറുകയും വീട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ചികിത്സ ധനസഹായത്തിനുള്ള പരാതികളാണ് രണ്ടാം സ്ഥാനത്ത്. പരിഹരിക്കാന്‍ കഴിയുന്ന പരാതികള്‍ അദാലത്തില്‍ തന്നെ തീര്‍പ്പു കല്പ്പിച്ചു. ബാക്കി പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകളോട് വേണ്ട നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. സിവില്‍ സപ്ലൈസ്, പൊതുമരാമത്ത്, ഇറിഗേഷന്‍, കെഎസ്ഇബി, കൃഷി, ബാങ്ക്, ഐസിഡിഎസ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുത്തു.
തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സുഭാഷ്, വൈസ് പ്രസിഡണ്ട് സി ഷൈമ, സെക്രട്ടറി പ്രദീപന്‍ തെക്കെക്കാട്ടില്‍, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments