Skip to main content

ദ്രുതഗതിയിൽ സേവനങ്ങൾ ലഭ്യമാക്കി കമാന്റിംഗ് ആന്റ് കൺട്രോൾ റൂം

ദ്രുതഗതിയിൽ അടിയന്തര സേവനങ്ങൾ ലഭ്യമാക്കി മുന്നേറുകയാണ് കേരള പോലീസിന്റെ ജില്ലയിലെ റൂറൽ ആന്റ് സിറ്റി ഇ.ആർ.എസ്.എസ് കമാന്റിംഗ് കൺട്രോൾ റൂമുകൾ. അപകട സാഹചര്യങ്ങളിൽ നടപടികൾ വേഗത്തിലാക്കുന്നതിന് വേണ്ടി നടപ്പിലാക്കിയ എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്റെ (ഇ.ആർ.എസ്.എസ്.) ഭാഗമായാണ് തൃശ്ശൂർ ജില്ലയിൽ കൺട്രോൾ റൂം കേന്ദ്രം സജ്ജമാക്കിയത്. ഓരോ ജില്ലകളിലും സംഭവിക്കുന്ന അപകടങ്ങൾക്കും ദുരന്തങ്ങൾക്കും അതിവേഗത്തിൽ കൃത്യമായ പൊലീസ് സഹായം ഉറപ്പുവരുത്തുകയാണ് ഇ.ആർ.എസ്.എസ് സംവിധാനത്തിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്. ഇതിനായി അപകടസ്ഥലങ്ങളിൽ നിന്നും സേവനം ആവശ്യപ്പെടുന്നതിന് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന കൺട്രോൾ റൂം കമാന്റ് സെന്ററിലെ 112 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാവുന്നതാണ്. ഈ ഫോൺ സന്ദേശങ്ങൾ കേരളത്തിൽ 14 ജില്ലകളുടെയും കമാന്റിംഗ് കൺട്രോൾ റൂമുകളുടെ തിരുവനന്തപുരത്തുള്ള ആസ്ഥാന കോൾ സെന്ററിൽ സ്വീകരിക്കുകയും തുടർന്ന് സേവനം ആവശ്യപ്പെടുന്ന ആളുടെ വോയിസ് റെക്കോർഡ് ഉൾപ്പെടെ ഫോൺ നമ്പർ, അപകടം നടന്ന സ്ഥലം തുടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട ജില്ലകളിലെ കമാന്റിംഗ് കൺട്രോൾ റൂമിലേക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.
കൺട്രോൾ റൂമുകളിൽ ലഭിക്കുന്ന സന്ദേശം ഇ.ആർ.എസ്.എസിന്റെ സഹായത്തോടെ അപകടമേഖലയ്ക്ക് ഏറ്റവും അടുത്തുള്ള മൊബൈൽ ഡാറ്റാ ടെർമിനലുകൾ ഘടിപ്പിച്ചിരിക്കുന്ന പോലീസ് വാഹനത്തിലേക്ക് കൈമാറുകയും അതോടൊപ്പം ജില്ലാ കൺട്രോൾ റൂമുകളിൽ നിന്ന് ഫോൺ മുഖേന നേരിട്ട് സന്ദേശം അറിയിക്കുകയും ചെയ്യും. തുടർന്ന് എൻറൂട്ട്, വെഹിക്കിൾ റീച്ച്ഡ്, ഇവന്റ് ക്ലോസ്ഡ് എന്നിങ്ങനെ മൂന്ന് ഘട്ട സ്ഥിരീകരണങ്ങളിലൂടെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തകർ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന മൊബൈൽ ഡാറ്റ ടെർമിനൽ സ്‌ക്രീനിൽ 'എൻറൂട്ട് 'എന്ന ഓപ്ഷനിലൂടെ രക്ഷാപ്രവർത്തനത്തിനായി വാഹനം പുറപ്പെട്ടു എന്ന വിവരം ജില്ലാ കൺട്രോൾ റൂമിലും തിരുവനന്തപുരത്തെ ഡി.സി.സി. യൂണിറ്റിലും ലഭിക്കും. തുടർന്ന് രണ്ടാം ഘട്ടത്തിൽ ഇതേ സംവിധാനത്തിലൂടെ അപകടസ്ഥലത്ത് വാഹനം എത്തിച്ചേരുമ്പോൾ 'വെഹിക്കിൾ റീച്ച്ഡ്' എന്ന വിവരം കൺട്രോൾ റൂമുകളിൽ ലഭ്യമാകും. അവസാന ഘട്ടത്തിൽ അപകടത്തിന്റെ ആഘാതമനുസരിച്ച് സേവനം പൂർത്തീകരിച്ചതിന് ശേഷം 'ഇവന്റ് ക്ലോസ്ഡ്' എന്ന സൂചനയോടെ ദൗത്യം പൂർത്തീകരിച്ചതായും രേഖപ്പെടുത്തും.
മൂന്ന് ഘട്ടങ്ങൾക്ക് ശേഷം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് ലഭ്യമാക്കിയ സേവനങ്ങളുടെ വിശദവിവരം ജില്ലാ കൺട്രോൾ റൂമിലേക്കും തുടർന്ന് അവിടെ നിന്നും തിരുവനന്തപുരത്തെ ആസ്ഥാന കോൾ സെന്ററിലേക്കും അയക്കുന്നതോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയതായി ഇ.ആർ.എസ്.എസിൽ രേഖപ്പെടുത്തുന്നത്. രക്ഷാപ്രവർത്തന സേവനങ്ങൾക്ക് പുറമെ അത്യാവശ്യ സന്ദർഭങ്ങളിൽ ആംബുലൻസ് സ്വകര്യങ്ങളും ഈ സംവിധാനത്തിലൂടെ നൽകി വരാറുണ്ട്.
നിർഭയ കേസിനെ തുടർന്ന് ആരംഭിച്ച ഈ പദ്ധതി ഇതിനോടകം ഇന്ത്യയിൽ കേരളം ഉൾപ്പെടെ 22 സംസ്ഥാനങ്ങളിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സിഡാക്കിന്റെ നേതൃത്വത്തിലാണ് ഇ.ആർ.എസ്. സിസ്റ്റം രൂപീകരിച്ചിരിക്കുന്നത്. 2019-20 ൽ തൃശൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സിറ്റി കൺട്രോൾ റൂം പരിധിയിൽ 2281 കേസുകളും ഇരിങ്ങാലക്കുടയിൽ സ്ഥിതി ചെയ്യുന്ന റൂറൽ കൺട്രോൾ റൂം പരിധിയിൽ 1875 കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 2020 ആദ്യമാസത്തിൽ സിറ്റിയിൽ 461 കേസുകളും റൂറൽ പോലീസ് 270 കേസുകളും റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. മൂന്ന് ഷിഫ്റ്റുകളിലായി ഒരു ഇൻസ്പെക്ടറുടെ കീഴിൽ, ഒമ്പത് സിവിൽ പോലീസ് ഓഫീസർമാരാണ് ജില്ലയിലെ ഇ.ആർ.എസ്.എസ് യൂണിറ്റുകളിൽ പ്രവർത്തിക്കുന്നത്. തൃശ്ശൂർ ശക്തൻ സ്റ്റാന്റിനടുത്തുള്ള സിറ്റി കമ്മീഷണർ ഓഫീസിനോട് ചേർന്നാണ് നവീകരിച്ച സിറ്റി കൺട്രോൾ റൂം കെട്ടിടം നിലനിൽക്കുന്നത്. കഴിഞ്ഞ 2019 ആഗസ്റ്റ് 15-ന് പ്രാബല്യത്തിൽ വന്ന പദ്ധതിയുടെ ഭാഗമായി സ്റ്റീൽ ഇന്റസ്ട്രിയൽ ലിമിറ്റഡ് കേരള നിർമ്മിച്ച ഇരിങ്ങാലക്കുട റൂറൽ കമാന്റ് കൺട്രോൾ റൂമിന്റെ കെട്ടിട ഉദ്ഘാടനം 2020 ജനുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവ്വഹിച്ചത്.

date