Skip to main content

ഗവ. പോളിടെക്‌നിക് കോളെജില്‍ പിക്‌സ് ഫാബ് സംരംഭം ഉദ്ഘാടനം ഇന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

 

 

കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഐ.ടി വകുപ്പും പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജില്‍ ഒരുക്കിയ പാലക്കാട് ഇന്‍കുബേറ്റര്‍ സെന്റര്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ് (PICS- FAB) സംരംഭം ഉദ്ഘാടനം ഇന്ന് (ജനുവരി 25) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനാവും. വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയാവും. സെന്റര്‍ ഓഫ് ബീറ്റസ് ആന്‍ഡ് ആറ്റംസ് ഡയറക്ടര്‍ പ്രൊഫ. നീല്‍ ജെര്‍ഷന്‍ഫെല്‍ഡ് ഫാബ് ലാബ് വീഡിയോ പ്രകാശനം ചെയ്യും.

അഞ്ച് കോടി ചെലവില്‍ 3000 ചതുരശ്രയടിയില്‍ 3ഡി പ്രിന്റര്‍ ഉള്‍പ്പെടെയുള്ള ഫാബ് ലാബും 2000 ചതുരശ്രയടിയില്‍ 50 സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ തുടങ്ങാനുള്ള ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടെയാണ് ഫാബ് ലാബില്‍ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ പ്രധാന വ്യവസായിക കവാടമായ പാലക്കാട് ജില്ലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അനന്തമായ സാധ്യത മുന്നില്‍കണ്ടാണ് പദ്ധതി തുടങ്ങുന്നത്. പ്രവാസജീവിതം കഴിഞ്ഞ് മടങ്ങിവരുന്നവരുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിക്‌സ് ഫാബ് ഉപകാരപ്രദമാകും. 20 ശതമാനം സീറ്റ് വിദ്യാര്‍ഥികളുടെ സ്റ്റാട്ടര്‍പ്പിനായി നീക്കിവെച്ചിട്ടുണ്ട്. അഭ്യസ്തവിദ്യരായ കേരളത്തിലെ യുവജനങ്ങളുടെ നിരവധി ബിസിനസ്സ് ആശയങ്ങള്‍ ഏകോപിപ്പിച്ച് വ്യവസായ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിലൂടെ തൊഴിലിലായ്മ പരിഹരിക്കാന്‍ ഫാബ് ലാബ് പദ്ധതിയിലൂടെ കഴിയും.

ഗവ. പോളിടെക്‌നിക് കോളെജില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി, ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍, സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.പി ഇന്ദിരാ ദേവി, ഐ.ഐ.ടി ഡയറക്ടര്‍ ഡോ. പി.ബി സുനില്‍കുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, കോളെജ് അധികൃതര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date