Skip to main content

ദേശീയ സമ്മതിദായക ദിനം ആചരിച്ചു

കൊച്ചി: തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ദേശീയ സമ്മതിദായക ദിനാചരണം നടത്തി.    അമൃത കോളേജ് ഓഫ് ആർട്സ് ആൻറ് സയൻസസിൽ ജില്ലാ  കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു.    ദേശീയ നയം രൂപീകരിക്കുന്നതിൽ ഓരോവോട്ടിനും പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  വോട്ടർ പട്ടികയിൽ പേരു ചേർത്തുവെന്ന് കന്നി വോട്ടർമാരടക്കം എല്ലാവരും ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.  അവകാശങ്ങൾ ഉപയോഗപ്പെടുത്താത്തവർക്ക് അവകാശ ലംഘനത്തെക്കുച്ച് പറയാൻ അർഹതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.   

 

ജനാധിപത്യത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനും വോട്ടവകാശം വിനിയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുവാനുമാണ് ദിനാചരണം നടത്തുന്നത്.  

 

ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ആർ.രേണു സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  കന്നി വോട്ടർമാർക്കുള്ള തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്  വിതരണം ചെയ്തു.  തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം യുവതലമുറയിലെത്തിക്കുന്നതിന്  ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തിയ കത്തെഴുത്തു മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.

 

സെൻറ് തെരേസാസ് കോളേജ് ഹയർ സെക്കണ്ടറി സ്കൂളിലെ ശ്രീലക്ഷ്മി ഒന്നാം സ്ഥാനവും  മൂവാറ്റുപുഴ നിർമല ഹയർ സെക്കണ്ടറി സ്കൂളിലെ നന്ദന ദിനചന്ദ്രൻ രണ്ടാം സ്ഥാനവും നേടി.

 

സാഹിത്യകാരൻ ചന്ദ്രൻ പെരുമുടിയൂർ മുഖ്യ പ്രഭാഷണം നടത്തി.  കോളേജ് ഡയറക്ടർ ഡോ.യു.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.  ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ബീന പി.ആനന്ദ്, തഹസിൽദാർ മുഹമ്മദ് സാബിർ, എയിംസ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഡോ. ശബരീഷ് നായർ തുടങ്ങിയവർ പ്രസംഗിച്ചു.

date