Skip to main content

യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത് :12 കേസുകള്‍ തീര്‍പ്പാക്കി

കൊച്ചി:സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തിൽ 20കേസുകള്‍ പരിഗണിച്ചതില്‍ 12കേസുകള്‍ തീര്‍പ്പാക്കി. 8 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി രണ്ടു പരാതികളും ലഭിച്ചു. നിയമനത്തിനായി അധ്യാപകരില്‍ നിന്ന് പത്ത് ലക്ഷത്തിലേറെ രൂപ സെക്യൂരിറ്റി ഡെപോസിറ്റ് വാങ്ങിയശേഷം അവരെ പിരിച്ചുവിടുകയും ഡെപോസിറ്റ് തുക തിരിച്ചു നല്‍കാതിരിക്കുകയും ചെയ്തുവെന്ന  സിഇടി കോളെജ് മാനേജ്‌മെന്റിന് എതിരെയുള്ള പരാതി കമ്മീഷൻ പരിഗണിച്ചു. പരാതിക്കാര്‍ക്ക് തുക തിരികെ ലഭ്യമാക്കുന്നതിനായി സിഇടി സെക്രട്ടറിക്കെതിരെ റവന്യു റിക്കവറി നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്റര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. സിഇടി മാനേജ്‌മെന്റിനെതിരെ ഈ വിഷയവുമായി ബന്ധപ്പെട്ട് മുന്‍പും കമ്മീഷന്റെ മുന്‍പാകെ കേസുകള്‍ വരികയും തീര്‍പ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം അറിയിച്ചു. 

 

വിദൂര വിദ്യാഭ്യാസ രീതിയിലൂടെ ലൈബ്രററി സയന്‍സ് പഠിച്ച ഉദ്യോഗാര്‍ത്ഥികളെ കോളെജ് ലൈബ്രററികളിലും മറ്റും കരാര്‍ ജോലിക്ക് പരിഗണിക്കുന്നില്ലെന്നതായിരുന്നു മറ്റൊരു പരാതി. നിയമനം നടത്തുമ്പോള്‍ റെഗുലര്‍ വിദ്യാഭ്യാസം നേടിയവരും വിദൂര വിദ്യാഭ്യാസത്തിലൂടെ പഠനം പൂര്‍ത്തിയാക്കിയവരും തമ്മില്‍ വിവേചനം കാണിക്കുന്നുവെന്ന് നിരീക്ഷിച്ച കമ്മീഷന്‍ ഇക്കാര്യം പുനപരിശോധിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. സിഡ്‌കോയില്‍ ഒഴിവുവരുന്ന എല്‍. ഡി ക്ലര്‍ക്ക് തസ്തികകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന പരാതി സിഡോകോ അധികാരികളുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി. നടുവട്ടം റോട്ടിലെ കെഎസ്ആര്‍റ്റിസി ബസ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നില്ലെന്ന് പരാതി പരിഗണിച്ച കമ്മീഷന്‍ വിദ്യാര്‍ത്ഥികളോട് അനുഭാവപൂര്‍വം പെരുമാറാന്‍ കെഎസ്ആര്‍ഡിസി പ്രതിനിധിയോട് നിര്‍ദേശിച്ചു.

 

തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 16 കാരിയായ പെണ്‍കുട്ടി സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ യുവജനകമ്മീഷന്‍ സ്വമേധയ പരിഗണിച്ച കേസിലെ അന്വേഷണ പുരോഗതി കമ്മീഷന്‍ വിലയിരുത്തി. കുറ്റാരോപിതനായ

വ്യക്തിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതായും കേസ് കണ്ണൂര്‍ കോടതി പരിഗണിക്കുകയാണെന്നും പൊലീസ് കമ്മീഷന് മുന്‍പാകെ ബോധിപ്പിച്ചു.  

 

എറണാകുളം ഗസ്റ്ററ്റ് ഹൗസിൽ നടന്ന അദാലത്തിൽ യുവജന കമ്മീഷന്‍ സെക്രട്ടറി ടി. കെ. ജയശ്രീ, സി.ഡി. മനോജ് ,പങ്കെടുത്തു.

date