Skip to main content

അവധിക്കാലത്ത് നഗരത്തിൽ ഷോപ്പിംഗ് ഫെസ്റ്റിവൽ നടത്തും: കളക്ടർ

 

കാക്കനാട്: സ്കൂളുകളിലെ മധ്യവേനലവധി കാലത്ത് ജില്ലയിൽ വിപുലമായ ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ് , കെ.എം.ആർ.എൽ തുടങ്ങിയവ സംയുക്തമായാണ് ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. നഗരത്തിന്റെ ഭൂരിഭാഗവും ഇതിനായി വിനിയോഗിക്കും. വൈകീട്ട് ആറ് മണിക്കു ശേഷം സൈക്ലിംഗ്, വാക്കിംഗ് എന്നിവക്കായി നഗരം വിട്ടുകൊടുക്കും. കുടുംബശ്രീ സഹകരണത്തോടെ പലയിടങ്ങളിലും മൊബൈൽ ഫുഡ് കോർട്ട് പ്രവർത്തിപ്പിക്കും. എം.ജി.റോഡ് ഉൾപ്പടെയുള്ള സ്ഥലങ്ങൾ ഇതിനായി വിനിയോഗിക്കും. ഒരു മാസത്തെ ഷോപ്പിംഗ് ഫെസ്റ്റിവലാണ് ഉദ്ദേശിക്കുന്നതെന്നും കളക്ടർ അറിയിച്ചു. 

ജില്ലയിൽ ഓപറേഷൻ ബ്രേക്ക് ത്രൂ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 36 വർക്കുകൾ തുടങ്ങി. ഓടകളിലേക്ക് വെള്ളമല്ലാതെ കട്ടി കൂടിയ മാലിന്യങ്ങൾ ഒഴുക്കുന്ന പൈപ്പുകൾ അടയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബ്രേക്ക് ത്രൂവിന്റെ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു പോകുകയാണെന്നും കളക്ടർ പറഞ്ഞു. 

ജില്ലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയുമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സഹകരിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു. പലയിടത്തും ഇതിനായി റോഡുകൾ പൊളിക്കേണ്ടി വരും. എഞ്ചിനീയർമാർ ഇതിൽ പരിശോധന നടത്തി വേണ്ട വിധത്തിൽ തീരുമാനമെടുക്കണം. ഒക്ടോബറിൽ പദ്ധതി പൂർത്തിയാക്കണമെന്നും കളക്ടർ പറഞ്ഞു. 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പ്രാഥമിക മുൻകരുതലുകളെല്ലാം പൂർത്തിയായി. കളമശ്ശേരി മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡ് ആരംഭിച്ചു. ജില്ലാ മെഡിക്കൽ സംഘം എല്ലാ തരത്തിലും സജ്ജമാണെന്നും കളക്ടർ പറഞ്ഞു. ഫെബ്രുവരി മാസത്തോടെ ജില്ലയിൽ 750 പട്ടയങ്ങൾ വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കളക്ടർ അറിയിച്ചു. 

എം എൽ എ മാരായ എൽദോ എബ്രഹാം, വി.പി.സജീന്ദ്രൻ, റോജി.എം.ജോൺ, പി.ടി.തോമസ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് എന്നിവർ ജില്ലാ വികസന സമിതി യോഗത്തിൽ പങ്കെടുത്തു.

date