Skip to main content

ഗാർഹിക പീഡന പരാതികൾ ഏറുന്നു: വനിതാ കമ്മീഷൻ

 

കാക്കനാട്: സമൂഹത്തിൽ ഗാർഹിക പീഡന പരാതികൾ വർധിക്കുകയാണെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈൻ. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. പുരുഷന്മാർ തമ്മിലുള്ള തർക്കത്തിൽ സ്ത്രീകളെ കരുവാക്കുന്ന സംഭവങ്ങളും ഏറിവരികയാണെന്നും അവർ കൂട്ടിച്ചേർത്തു. കമ്മീഷനിൽ പരാതി നൽകിയ ശേഷം വാദികളും പ്രതികളും ഹാജരാകാതിരിക്കുന്നത് അനുചിതമാണെന്നും അവർ പറഞ്ഞു. അദാലത്തിൽ ആകെ 95 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 17 പരാതികൾ തീർപ്പാക്കി. 7 പരാതികളിൽ റിപ്പോർട്ട് തേടി. 71 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. സ്ഥാപനത്തിലെത്തിയ വനിതകളോട് മോശമായി സംസാരിച്ചെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലായതിനെ തുടർന്ന് സ്ഥാപനമുടമയെ കമ്മീഷൻ വിളിച്ച് വരുത്തി ശാസിച്ചു. ഭാര്യക്കും ബുദ്ധിവികാസമെത്താത്ത മക്കൾക്കും ചെലവിന് കൊടുക്കണമെന്ന കമ്മീഷൻ നിർദേശം പാലിക്കാത്ത ഗൃഹനാഥനെതിരെ നിയമ നടപടിക്ക് നിർദ്ദേശം നൽകി. ബലാത്സംഗ കേസിൽ പ്രതിയായ ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് കമ്മീഷൻ തള്ളി.അദാലത്തിൽ കമ്മീഷനംഗങ്ങളായ ഷിജി ശിവജി, ഇ.എം രാധ, ഡയറക്ടർ വി.യു.കുര്യാക്കോസ് എന്നിവരും പങ്കെടുത്തു.

date