Skip to main content

നെല്ല് സംഭരണം : കർഷകർക്ക് നിലവിലെ ബാങ്ക് അക്കൗണ്ടിൽ നിന്നുതന്നെ രജിസ്റ്റർ ചെയ്യാം

നെല്ല് സംഭരണത്തിനായി ഓൺലൈൻ രജിസ്ട്രേഷന് തയ്യാറെടുക്കുന്ന കർഷകർക്ക് നിലവിലുള്ള അക്കൗണ്ടിൽ നിന്ന് തന്നെ രജിസ്റ്റർ ചെയ്യാം. കൊയ്ത്തുകഴിഞ്ഞ് ആവശ്യമെങ്കിൽ അക്കൗണ്ട് മാറ്റി നൽകാം. കർഷകർ രജിസ്‌ട്രേഷൻ നീട്ടി വെക്കുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. പി ആർ എസ് ലോൺ നൽകാൻ തയാറുള്ള ബാങ്കിലേക്ക് അക്കൗണ്ട് മാറിയ ശേഷം രജിസ്റ്റർ ചെയ്യാമെന്ന ധാരണയിൽ ഭൂരിഭാഗം കർഷകരും രജിസ്‌ട്രേഷൻ വൈകിക്കുന്ന സാഹചര്യത്തിലാണ് പാഡി ഓഫീസറുടെ അറിയിപ്പ്.
മാർച്ച് മാസത്തിൽ കൊയ്ത്തു വരുന്ന കർഷകൻ ഇന്നത്തെ അവസ്ഥ വച്ച് അക്കൗണ്ട് മാറേണ്ടതില്ല. പി ആർ എസ് വരുമ്പോഴേക്കും, ആ ബാങ്ക് നടപടികളിൽ നിന്ന് പിന്നോട്ട് പോയേക്കാം. ഇപ്പോൾ പിന്നോക്കം നിൽക്കുന്ന ഒരു ബാങ്ക്, ആ സമയത്ത് ലോൺ നൽകുന്ന സാഹചര്യവും ഉണ്ടായേക്കാം. ഓരോ ബാങ്കിലേക്കും, കഴിഞ്ഞ വർഷത്തെ റീ പേയ്‌മെന്റ്, എത്ര വീതം പോകുന്നു എന്നതനുസരിച്ചാണ് അതത് ബാങ്കുകൾ നിലപാട് സ്വീകരിക്കുക. പി ആർ എസ് അടിച്ച ശേഷം, ആവശ്യമെങ്കിൽ മാത്രം സന്ദർഭോചിതമായി ബാങ്ക് അക്കൗണ്ട് മാറാം. അക്കൗണ്ട് മാറ്റം വളരെ എളുപ്പത്തിൽ സാധ്യമാകും. പി ആർ എസ് രസീത്, പുതിയ ബാങ്കിന്റെ പാസ് ബുക്ക്, ആധാർ കാർഡ് എന്നിവ കൊണ്ട് വന്നാൽ അക്കൗണ്ട് മാറ്റം സാധ്യമാകും.
രജിസ്‌ട്രേഷൻ വൈകിക്കാതെ, എത്രയുംവേഗം പാഡി ഓഫിസിൽ അപേക്ഷ എത്തിച്ചാൽ, കൃത്യസമയത്ത് മിൽ അലോട്ട്‌മെന്റ് നടത്താം. നെല്ല് കൊയ്ത ശേഷം പാടത്ത് കിടക്കുന്ന അവസ്ഥയും ഇതിലൂടെ ഒഴിവാക്കാനാകും. കൊയ്ത്തിന് പത്ത് ദിവസം മുമ്പെങ്കിലും, അപേക്ഷ കൊടുക്കണം. ഒരു പാടശേഖരത്തിൽ, ആകെയുള്ള രജിസ്‌ട്രേഷന്റെ 50 ശതമാനത്തിൽ കൂടുതൽ അപ്രൂവൽ (രജിസ്റ്റർ ചെയ്യുന്ന നമ്പറുകളുടെ അലോട്ട്‌മെന്റ്) ആയാൽ മാത്രമാണ് മിൽ അലോട്ട്‌മെന്റ് സാധ്യമാകൂ. 100 അപേക്ഷകർ ഉണ്ടെങ്കിൽ 51 എണ്ണമെങ്കിലും അപ്രൂവൽ ആക്കണം. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്ത
കുറച്ചു പേരുടെയെങ്കിലും അപേക്ഷ പാഡി ഓഫിസിൽ കിട്ടാൻ വൈകിയാൽ, മുഴുവൻ കർഷകരും ഇത് മൂലം ബുദ്ധിമുട്ട് അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാകും. അതൊഴിവാക്കാനാണ് എത്രയും വേഗം രജിസ്‌ട്രേഷൻ ചെയ്യണമെന്ന് കർഷകരോട് ആവശ്യപ്പെടുന്നത്. നെല്ല് സംഭരണത്തിന്റെ രണ്ടാം ഘട്ടത്തിൽ
ജില്ലയിൽ ഇത് വരെയായി ഏഴ് കോടി മൂല്യം വരുന്ന 2609 ടൺ നെല്ല് സംഭരിക്കാൻ സപ്ലൈകോക്ക് സാധിച്ചിട്ടുണ്ട്. തലപ്പിള്ളി താലൂക്കിലാണ് ഏറ്റവും അധികം കർഷകർ രജിസ്റ്റർ ചെയ്തത്. 11684 പേർ. കൊടുങ്ങല്ലൂർ താലൂക്കിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 191 പേർ.

date