Skip to main content

കുടയില്ലാത്തവരു'മായി കലാമുറ്റം: സംഗീത ആൽബം പ്രകാശനം 27 ന്

കയ്പമംഗലം നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതി അക്ഷരകൈരളിയിലെ കലാമുറ്റം വിദ്യാർത്ഥികളുടെ സംഗീത ആൽബം കുടയില്ലാത്തവർ പ്രകാശനത്തിന് തയ്യാറായി. നാളെ (ജനു27 )രാവിലെ 11.30 ന് മതിലകം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ മീഡിയ ഹാളിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ പ്രകാശനം നിർവ്വഹിക്കും. നാലാം ക്ലാസിലെ പാഠ ഭാഗത്തിൽ ഒ എൻ വി കുറുപ്പ് രചിച്ച 'കുടയില്ലാത്തവർ ' എന്ന കവിതയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് സംഗീത ആൽബമാക്കിയത്. 2019 നവംബറിൽ ഇതിന്റെ ഓഡിയോ പ്രകാശനം ജില്ലാ കളക്ടർ എസ് ഷാനവാസ് നിർവഹിച്ചിരുന്നു. പലരും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് വ്യത്യസ്ത രീതിയിലാണ് ക്ലാസിൽ ഈ പദ്യം പഠിപ്പിക്കുന്നതും കുട്ടികൾ ആലപിച്ച് പഠിക്കുന്നതും. എന്നാൽ ഇത് വേറിട്ടൊരു ശൈലിയിൽ അവതരിപ്പിച്ചാൽ മനോഹരമായ ഗാനമായി മാറ്റാമെന്ന ചിന്തയാണ് കലാമുറ്റത്തെ സംഗീത ആൽബത്തിലെത്തിച്ചത്. കുട്ടികൾക്ക് എളുപ്പത്തിൽ പാടാവുന്ന രീതിയിൽ വരികൾ ചിട്ടപ്പെടുത്തി നൽകുകയാണ് ആദ്യം ചെയ്തത്. കയ്പമംഗലം നിയോജകമണ്ഡലത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നായെത്തിയ 35 കുട്ടികൾക്ക് പ്രത്യേക ഓഡിഷൻ നടത്തി ഇവരിൽ നിന്നും തിരഞ്ഞെടുത്ത 12 കുട്ടികൾ ചേർന്നാണ് ഗാനം പാടിയത്. ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുണ്ട് ഇതിൽ. കലാരംഗത്ത് ശ്രദ്ധേയനായ ഷെമീർ പതിയാശ്ശേരിയുടെ നേതൃത്വത്തിലാണ് കലാമുറ്റം പ്രവർത്തകരും അദ്ധ്യാപകരും രക്ഷിതാക്കളും ഈ സംരംഭത്തിന് കൈകോർത്തത്.
നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലെ ഒരു ഗ്രൂപ്പാണ് കലാമുറ്റം. കലാ സാഹിത്യ രംഗത്തെ വിദഗ്ധരും അധ്യാപകരും ഉൾപ്പെട്ട സംഘമാണ് ഇതിന് നേതൃത്വം നൽകുന്നത്.
മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ ജി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനി ആർട്ടിസ്റ്റ് ഷൈജൻ ശ്രീവത്സൻ മുഖ്യാതിഥിയായിരിക്കും. മതിലകം ബി പി ഒ സജീവൻ, സെന്റ് ജോസഫ്‌സ് സ്‌കൂൾ ഹെഡ് മാസ്റ്റർ മുജീബ്, സെന്റ് മേരീസ് സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സവിത എന്നിവർ ആശംസകൾ നേരും.

date