പാലിയേറ്റിവ് രോഗികളുടെ സംഗമം മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു
ജില്ലയിലെ പാലിയേറ്റീവ് പരിചരണം ലഭ്യമാകുന്നവരുടെ സമാഗമം തൃശൂർ സെന്റ് തോമസ് കോളേജിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. ജെ റീന മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സിനിമാ താരങ്ങളായ മനു പിള്ള, ശരണ്യ ആർ, സംവിധായകൻ റഷീദ് പാറക്കൽ, സ്റ്റാൻഡ് അപ്പ് കൊമേഡിയൻ സജീഷ് കുട്ടനെല്ലൂർ എന്നിവർ വിശിഷ്ടാതിഥികളായി. ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ എൻ സതീഷ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.വി.സതീശൻ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ കെ.എൽ ജോയ്, മാതൃഭൂമി ക്ലബ് എഫ്എം ഹെഡ് മനോജ് കമ്മത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സാന്ത്വന പരിചരണ രോഗീ സംഗമത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ, കായിക താരങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സംഘടനകൾ എന്നിവർ അണിനിരന്ന കൂട്ടയോട്ടം ജില്ലാ കളക്ടർ എസ് ഷാനവാസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടത്തിൽ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, സ്‌പോർട്‌സ് കൗൺസിൽ എന്നിവിടങ്ങളിലെ വിദ്യാർഥികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. കൂട്ടയോട്ടം സെന്റ് തോമസ് കോളേജിൽ അവസാനിച്ചു. തുടർന്ന് സെന്റ് തോമസ് കോളേജിൽ നടന്ന പരിപാടിയിൽ സാന്ത്വന പരിചരണം ലഭിക്കുന്ന മുപ്പതോളം രോഗികൾ പങ്കെടുത്തു. കഴിഞ്ഞ പത്തു വർഷത്തിലേറെയായി സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന 159 സന്നദ്ധ പ്രവർത്തകരെ ചടങ്ങിൽ ആദരിക്കുകയുണ്ടായി. സാന്ത്വന പരിചരണം ലഭിക്കുന്ന മുപ്പതോളം രോഗികളുടെ മാനസികോല്ലാസത്തിനായി വിവിധ കലാപരിപാടികളും ചടങ്ങിൽ സംഘടിപ്പിച്ചു. ചേതന കോളേജ് ഓഫ് മ്യൂസിക്കിലെ വിദ്യാർഥികൾ, സാന്ത്വന പരിചരണ രംഗത്തും, ആരോഗ്യ വകുപ്പിലും, ആരോഗ്യ കേരളത്തിലും പ്രവർത്തിക്കുന്നവർ, രോഗികൾ എന്നിവർ കലാ പരിപാടികൾ അവതരിപ്പിച്ചു. പങ്കെടുത്ത മുഴുവൻ രോഗികൾക്കും ജില്ലാ മെഡിക്കൽ ഓഫീസർ ഉപഹാരം നൽകി. പൊതു പരിപാടി സംഘടിപ്പിച്ച സെന്റ് തോമസ് കോളേജ് അങ്കണത്തിൽ സാന്ത്വന പരിചരണം ലഭിക്കുന്ന രോഗികൾ ഉണ്ടാക്കിയ ഉത്പന്നങ്ങളുടെയും, കലാകാരന്മാർ ഉണ്ടാക്കിയ ചിത്രങ്ങളുടെയും പ്രദർശനവും വിൽപ്പനയും നടന്നു.
- Log in to post comments