Skip to main content

ഭരണഘടന സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി വി എസ് സുനിൽകുമാർ

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിക്കുന്നത് ഭരണഘടന ഉറപ്പു നൽകുന്ന തുല്യാവകാശത്തിന്റെ ലംഘനമാണെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. തേക്കിൻക്കാട് മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരിൽ മനുഷ്യരെ വിഭജിച്ച് ശൈഥില്യമുണ്ടാക്കാനായി തിരക്കിട്ട് തയ്യാറാക്കിയതാണ് പൗരത്വഭേദഗതി നിയമം. അതുകൊണ്ടാണ് രാജ്യമാകെ അതിനെതിരെ പ്രതിഷേധിക്കുന്നത്. ഈ നിയമം മതേതര ഭാരതത്തിന് അംഗീകരിക്കാനാവില്ല. രാജ്യത്ത് പലതരം പൗരൻമാരെ സൃഷ്ടിക്കുന്നതിനേ ഈ നിയമം ഉപകരിക്കൂ. രാഷ്ട്രീയ ജനാധിപത്യത്തിന്റേയും സാമ്പത്തിക ജനാധിപത്യത്തിന്റേയും ആത്മാംശമുളള ഭരണഘടനയെ എന്തുവില കൊടുത്തും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നാനാത്വത്തിൽ ഏകത്വവും മതേതരത്വവും ഉയർത്തിപ്പിടിക്കണം. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിൽ ഏതിനെങ്കിലും മങ്ങലേൽകുന്നത് അതിന്റെ അന്ത:സത്ത നശിപ്പിക്കും. മത-ജാതി-വർഗ്ഗ-ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും തുല്യരാണെന്ന് ഭരണഘടന പ്രഖ്യാപിക്കുന്നു. ലോകത്തെ വികസിത രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയെ എത്തിക്കുന്നതിന് കൂട്ടായി ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

date