Skip to main content

നേപ്പാളിൽ മരിച്ച പ്രവീണിന്റെ വീട്ടിൽ മുഖ്യമന്ത്രിയെത്തി

നേപ്പാളിലെ ദാമനിൽ റിസോർട്ടിൽ മരിച്ച പ്രവീൺ കെ.നായരുടെ ചേങ്കോട്ടുകോണത്തെ വീട്ടിൽ ആശ്വാസവാക്കുമായി മുഖ്യമന്ത്രി പിണറായി വിജയനെത്തി. രാവിലെ 10.45 ഓടെയാണ് മുഖ്യമന്ത്രി ചേങ്കോട്ടുകോണത്തെ 'രോഹിണി ഭവനി'ലെത്തിയത്. പ്രവീണിന്റെ അച്ഛൻ കൃഷ്ണൻ നായരെയും അമ്മ പ്രസന്നയെയും കണ്ട അദ്ദേഹം അവർക്കരികിൽ അൽപനേരം ചെലവഴിച്ച് കൈപ്പിടിച്ചാശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്.
മേയർ കെ. ശ്രീകുമാർ, പ്രവീണിന്റെ സഹോദരി പ്രസീത, സഹോദരി ഭർത്താവ് രാജേഷ്, മറ്റു ബന്ധുക്കൾ തുടങ്ങിയവർ വീട്ടിലുണ്ടായിരുന്നു. നേപ്പാളിൽ വിനോദ സഞ്ചാരത്തിന് പോയ 15 അംഗ സംഘത്തിലുണ്ടായിരുന്ന പ്രവീൺ, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവർ റിസോർട്ടിലെ ഹീറ്ററിൽ നിന്ന് ചോർന്ന വിഷവാതകം ശ്വസിച്ചാണ് മരിച്ചത്. ഇവർക്കൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്ത് രഞ്ജിത്ത് കുമാർ, ഭാര്യ ഇന്ദു ലക്ഷ്മി, മകൻ വൈഷ്ണവ് എന്നിവരും മരിച്ചിരുന്നു.
പി.എൻ.എക്സ്.396/2020

date