Skip to main content
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുക്കണം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുക്കണം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യാവകാശം രാജ്യാതിര്‍ത്തിക്കുള്ളിലെ ഒരാള്‍ക്കുപോലും നിഷേധിക്കുന്നത് ഭരണഘടനാ ലംഘനവും നീതിയുടെയും മൗലികാവകാശങ്ങളുടെയും നിഷേധവുമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ഭരണഘടനാ മൂല്യങ്ങള്‍ പരിരക്ഷിക്കാന്‍ രാജ്യത്തെ ജനങ്ങളൊന്നാകെ പ്രതിജ്ഞയെടുക്കേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം പറഞ്ഞു. എഴുപത്തി ഒന്നാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സെറിമോണിയല്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
ചരിത്രത്തിലെ അതിസങ്കീര്‍ണമായ ഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോവുന്നത്. ഭൂമിശാസ്ത്രം, സംസ്‌കാരം, ഭാഷ, വേഷം, ഭക്ഷണരീതി, വിശ്വാസം തുടങ്ങിയ എല്ലാ വൈവിധ്യങ്ങളെയും അതുവഴി രാജ്യത്തിന്റെ അഖണ്ഡതയെയും കാത്തുരക്ഷിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങണം. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും ഐക്യവും സംരക്ഷിക്കുവാനുള്ള മഹായജ്ഞത്തിന്റെ കര്‍മരംഗത്താണ് നമ്മുടെ നാട് ഇന്നുള്ളത്. ചരിത്രപരമായ ഈ ദൗത്യം ഏറ്റെടുക്കുവാന്‍ ഓരോ പൗരനും പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അസിസ്റ്റന്റ് കമാന്റന്റ് വിശ്വനാഥനും റിസേര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ പി പി റോയിയും നയിച്ച പരേഡില്‍ പോലീസ്, ജയില്‍, എക്സൈസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, ഫോറസ്റ്റ്, എന്‍.സി.സി, സ്‌കൗട്ട്സ് & ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് എന്നീ വിഭാഗങ്ങളില്‍ നിന്നായി 42 പ്ലാറ്റൂണുകളും ആറ് ബാന്റ് സംഘങ്ങളും അണിനിരന്നു.
വിദ്യാര്‍ഥി വിഭാഗത്തിലെ മികച്ച പ്ലാറ്റൂണിനുള്ള ജില്ലാ കലക്ടറുടെ റോളിംഗ് ട്രോഫിക്ക് എസ്എന്‍ കോളേജ് സീനിയര്‍ എന്‍സിസി വിഭാഗം അര്‍ഹരായി. മികച്ച പരേഡ് ട്രൂപ്പുകളായി കേരള ആംഡ് പോലിസ് നാലാം ബറ്റാലിയന്‍ (സര്‍വീസ് വിഭാഗം), എസ്എന്‍ കോളേജ്, കണ്ണൂര്‍ (എന്‍സിസി സീനിയര്‍), ചൊവ്വ എച്ച്എസ്എസ് (എന്‍സിസി ജൂനിയര്‍), പിണറായി ഹയര്‍ സെക്കന്ററി സ്‌കൂള്‍ (സ്റ്റുഡന്റ് പോലിസ്), സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ്, കണ്ണൂര്‍ (സ്‌കൗട്ട്‌സ്), സെന്റ് തെരേസാസ് എച്ച്എസ്എസ് (ഗൈഡ്സ്), സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസ് (ജൂനിയര്‍ റെഡ്ക്രോസ് ബോയ്സ്), സെന്റ് തെരേസാസ് എച്ച്എസ്എസ് (ജൂനിയര്‍ റെഡ്ക്രോസ് ഗേള്‍സ്) എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. നിശ്ചല ദൃശ്യങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ്, എക്‌സൈസ്, റവന്യൂ വകുപ്പുകള്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി.  
കഴിഞ്ഞ വര്‍ഷം ജനോപകാരപ്രദമായ നൂതന പദ്ധതികള്‍ നടപ്പാക്കിയ വകുപ്പുകള്‍ക്കുള്ള ജില്ലാ കലക്ടറുടെ അവാര്‍ഡുകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത്, കണ്ണൂര്‍ തഹസില്‍ദാര്‍ വി എം സജീവന്‍ എന്നിവര്‍ക്ക് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സമ്മാനിച്ചു.
പോലിസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പോലിസ് സൂപ്രണ്ട് ജി എച്ച് യതീഷ് ചന്ദ്ര, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ ടി ഒ മോഹനന്‍,  കൗണ്‍സിലര്‍ ലിഷ ദീപക്, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനാവലിയായിരുന്നു റിപ്പബ്ലിക്ദിന പരേഡ് കാണാനെത്തിയത്. പെരളശ്ശേരി എകെജി ഗവ. എച്ച്എസ്എസ് വിദ്യാര്‍ഥികളും ജില്ലയിലെ സംഗീതാധ്യാപകരും അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങള്‍ ചടങ്ങിന് മിഴിവേകി.

date