Skip to main content

ജനപക്ഷ അംഗീകാരമായി ലൈഫ് ഗുണഭോക്താക്കളുടെ  ജില്ലാ സംഗമം പദ്ധതി വിജയത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കിയ  ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി

 

    വീടിനൊപ്പം അന്തസ്സാര്‍ന്ന ജീവിതവും ഉറപ്പാക്കിയ സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിയായ ലൈഫിന്റെ ജനസ്വീകാര്യത വിളിച്ചോതുന്നതായി മലപ്പുറത്തു നടന്ന ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനവും കുടുംബ സംഗമവും. നാനാതുറകളില്‍ നിന്നായി ലൈഫിലൂടെ വീടു ലഭിച്ച ആയിരക്കണക്കിനു കുടുംബങ്ങള്‍ ജില്ലാതല സംഗമത്തില്‍ പങ്കെടുത്തു. ലൈഫിന്റെ നേര്‍സാക്ഷ്യമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം ആകര്‍ഷകമായി.
    ലൈഫ് ഗുണഭോക്താക്കളുടെ സന്തോഷ നിമിഷങ്ങളും പദ്ധതി പിന്നിട്ട വിജയഘട്ടങ്ങളും അനാവരണം ചെയ്ത പ്രദര്‍ശനത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫോട്ടോകള്‍ക്കൊപ്പം മറ്റു ജില്ലകളിലേയും അനുഭവങ്ങള്‍ പങ്കിടുന്ന ഫോട്ടോകളും ഉള്‍പ്പെടുത്തിയത് കാഴ്ചക്കാരുടെ പ്രശംസ പിടിച്ചുപറ്റി. പ്രകൃതിയോടിണങ്ങി ജീവിക്കേണ്‍തിന്റെ അനിവാര്യത അനുവാചകരെ ഓര്‍മ്മപ്പെടുത്തി ജില്ല അതിജീവിച്ച പ്രളയ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഇടംപിടിച്ചു. മന്ത്രി ഡോ.കെ.ടി. ജലീല്‍, പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ലൈഫ് ഗുണഭോക്താക്കള്‍ തുടങ്ങി നിരവധി പേരാണ് പ്രദര്‍ശനം കാണാനെത്തിയത്.
    സര്‍ക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള പ്രസിദ്ധീകരണങ്ങളുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ പ്രത്യേക സ്റ്റാളും സജ്ജമാക്കിയിരുന്നു. ശുചിത്വ മിഷന്‍ സംഗമത്തില്‍ എത്തിയവര്‍ക്കെല്ലാം തുണി സഞ്ചികള്‍ സൗജന്യമായി നല്‍കി. കുടുംബശ്രീയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണ വിതരണം. ഗുണഭോക്താക്കളുടെ രജിസ്ട്രേഷനും മറ്റും വിപുലമായ സൗകര്യങ്ങളാണ് ലൈഫ് മിഷന്‍ ഒരുക്കിയിരുന്നത്. 
 

date