Skip to main content

സന്തോഷ നിറവില്‍ കണ്ഠമിടറി  ലൈഫ് ജില്ലാ സംഗമത്തില്‍ ബീനാകുമാരി

 

    ജീവിതാഭിലാഷമായ സ്വന്തം വീട് യാഥാര്‍ഥ്യമായതിന്റെ സന്തോഷ നിറവിലാണ് ഏലംകുളം കുന്നക്കാവിലെ പാറയില്‍ ബീനാകുമാരി (57) മലപ്പുറത്തു നടന്ന ലൈഫ് ജില്ലാതല കുടുംബ സംഗമത്തിനെത്തിയത്. വേദിയിലെത്തി തന്റെ അനുഭവങ്ങള്‍ ലൈഫ് കുടുംബാംഗങ്ങളോടു പങ്കുവച്ചപ്പോള്‍ അവരുടെ സ്വരമിടറി. മകനൊപ്പം വാടക വീട്ടില്‍ നീണ്‍ പതിനെട്ടു വര്‍ഷത്തെ ജീവിതത്തിനു ശേഷമാണ് ബീന സ്വന്തമായൊരു വീട്ടില്‍ അന്തിയുറങ്ങുന്നത്.
    കുടുംബ ജീവിതാരംഭത്തില്‍ത്തന്നെ അര്‍ബുദ ബാധയെ തുടര്‍ന്നു ഭര്‍ത്താവു മരിച്ചു. മകന്‍ അനുരാഗിന് നാലുമാസം മാത്രം പ്രായമായിരിക്കുമ്പോഴായിരുന്നു വിധിയുടെ ക്രൂരത. പിന്നീട് ആധാരമെഴുത്തു ജോലിചെയ്ത് മകനു വിദ്യാഭ്യാസം നല്‍കി. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ സ്വന്തം വീടെന്ന സ്വപ്നം ബീനാ കുമാരിക്കു ചിന്തിക്കാന്‍പോലുമാകാത്തതായിരുന്നു. കുടുംബ സ്വത്തായി 16 സെന്റു സ്ഥലം ലഭിച്ചതോടെ ലൈഫ് പദ്ധതിയില്‍ ബീനക്കു തണലൊരുങ്ങുകയായിരുന്നു.
    ഏലംകുളം ഗ്രാമ പഞ്ചായത്തും ലൈഫ് പദ്ധതിയും ഒരുമിച്ചപ്പോള്‍ സ്വപ്ന ഭവനം യാഥാര്‍ത്ഥ്യമായി. മകന്‍ അനുരാഗ് ബിരുദ വിദ്യാര്‍ഥിയാണ്. ബീനാകുമാരി ജീവിതം പറഞ്ഞു നിര്‍ത്തിയപ്പോള്‍ സദസ്സില്‍ കരഘോഷമുയര്‍ന്നു. ഇങ്ങനെ നിരവധി കുടുംബങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വ്യത്യസ്ത അനുഭവങ്ങള്‍ പങ്കുവച്ച് ജില്ലാതല സംഗമത്തില്‍ പങ്കെടുത്തത്.
 

date