Skip to main content

ഗൃഹാധിഷ്ഠിത വിദ്യാഭ്യാസവുമായി സാഫല്യം

ശയ്യാവലംബികളായ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സാഫല്യം പദ്ധതി. സമഗ്ര ശിക്ഷ കേരളത്തിന്റെ മതിലകം ബി ആർ സിയുടെ കീഴിലാണ് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസ വിഭാഗത്തിൽ ഉൾപ്പെടുത്തി സാഫല്യം പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പെരിഞ്ഞനം യമുന ഓഡിറ്റോറിയത്തിൽ ശയ്യാവലംബിയായ കുട്ടികൾക്കായി ഏകദിന ഒത്തുചേരൽ സംഘടിപ്പിച്ചു. വീടിന് പുറത്തിറങ്ങാനും സ്‌കൂളിൽ പോകാനും സാധിക്കാത്ത കുട്ടികളാണ് ഒത്തുചേരലിനെത്തിയത്. രക്ഷിതാക്കളോടൊപ്പം എത്തിയ കുട്ടികൾ തങ്ങളുടെ വിഷമതകളും ബുദ്ധിമുട്ടുകളും ജനപ്രതിനിധികളോടും അധ്യാപകരോടും പങ്കുവെച്ചു. കൂടുതൽ പേർക്കും പങ്ക് വെക്കാനുണ്ടായിരുന്നത് ദാരിദ്ര്യത്തിന്റെ കഥകളായിരുന്നു. മരുന്നില്ലാത്തത്തിന്റെ വീടില്ലാത്തതിന്റെ സാമ്പത്തിക ബാധ്യതകളും അവർ പങ്കു വെച്ചു. അവരുടെ ആവശ്യങ്ങൾ പ്രത്യേക പദ്ധതികളാക്കി നടപ്പാക്കാൻ പരിപാടിയിൽ പങ്കെടുത്ത ജനപ്രതിനിധികളോട് ബി ആർ സി അംഗങ്ങൾ അഭ്യർഥിച്ചു. സാഫല്യം പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് സൗജന്യമായി കണ്ണട, വീൽചെയർ, ഇയർഫോൺ എന്നിവ നൽകി വരുന്നുണ്ട്. കൂടാതെ സൗജന്യ ബോധവത്കരണ ക്ലാസ്, ആത്മവിശ്വാസം ഉണർത്തുന്ന ക്ലാസുകൾ എന്നിവയും നൽകി വരുന്നു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ.സച്ചിത്ത്, സൗദ നാസർ, ബി.പി.ഒ ടി.എസ്.സജീവൻ, കയ്പമംഗലം പഞ്ചായത്ത് സെക്രട്ടറി കെ.ബി.മുഹമ്മദ് റഫീഖ്, പഞ്ചായത്തംഗങ്ങൾ, മതിലകം ബിപിഒ സജീവൻ, ബി.ആർ.സി കോഡിനേറ്റർമാർ, ഐ.സി.ഡി.എസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

date