കൃഷി വികസനം നാടിന്റെ ഭാവിക്കാവശ്യം: മന്ത്രി ടി.പി രാമകൃഷ്ണൻ
നാടിന് അന്യമാവുന്ന കൃഷികളൊക്കെ ലാഭമോ നഷ്ടമോ കണക്കാക്കാതെ വികസിപ്പിക്കേണ്ടത് നാടിന്റെ ഭാവിക്ക് അനിവാര്യമാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. കൂത്താളി കൂട്ടുകൃഷിയുടെ 46 വർഷങ്ങൾ -വാർഷിക കുടുംബ സംഗമം മുതുകാട് കലക്ടീവ് ഫാം ജി.എൽ.പി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടയ പ്രശ്നം പൂർണമായി പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിച്ചു വരികയാണെന്നും
മുതുകാട് വികസന ഭൂപടത്തിൽ ശ്രദ്ധയാകർഷിച്ച നാടായി മാറിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ദാരിദ്ര്യത്തിലും ദുരിതത്തിലും കഴിഞ്ഞിരുന്ന ഒരു ജനതയെ കൂട്ടുകൃഷി കളങ്ങളുടെ സംഘശക്തിയിലൂടെ അസാധാരണമായ ഇച്ഛാശക്തിയോടെ സമൃദ്ധിയിലേക്ക് നയിച്ച സോവിയറ്റ് റഷ്യയുടെ മാതൃക പിന്തുടർന്ന് അന്നത്തെ കേരള സർക്കാർ ആരംഭിച്ച സ്വപ്ന പദ്ധതികളിലൊന്നായിരുന്നു ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ കൂത്താളി കൂട്ടുകൃഷിഫാം.
ചടങ്ങിൽ കുടുംബ സംഗമ സ്മരണിക പ്രകാശനവും മന്ത്രി നിർവഹിച്ചു.
ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുനിൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിതേഷ് മുതുകാട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈല ജെയിംസ്, ഗ്രാമപഞ്ചായത്ത് മെമ്പർ ഷീന റോബിൻ, എം.പി മാത്യു തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.
- Log in to post comments