തുഷാര്‍ഗാന്ധി മഹാരാജാസ് കോളേജ് സന്ദര്‍ശിക്കുന്നു
കൊച്ചി: മഹാത്മാഗാന്ധിയുടെ മഹാരാജാസ് കോളേജ് സന്ദര്‍ശനത്തിന്റെ 90-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ പ്രപ്രൗത്രനും സാമൂഹ്യ പ്രവര്‍ത്തകനുമായ തുഷാര്‍ഗാന്ധി ഫെബ്രുവരി രണ്ടിന് രാവിലെ 9.30 ന് മഹാരാജാസ് കോളേജില്‍ എത്തും. 1927 ഒക്‌ടോബര്‍ 11-നാണ് മഹാത്മാഗാന്ധി മഹാരാജാസ് കോളേജില്‍ എത്തിയത്.
തുഷാര്‍ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി എം.കെ. ഗാന്ധിയും അദ്ദേഹത്തിന്റെ പരീക്ഷണങ്ങളും എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ നടക്കും. തുഷാര്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.എന്‍.കൃഷണകുമാര്‍ ആമുഖ പ്രഭാഷണം നടത്തും. കോളേജ് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ പി കെ രവീന്ദ്രന്റെ അദ്ധ്യക്ഷതയിലുള്ള സെമിനാറില്‍ പ്രൊഫ.എന്‍.രാധാകൃഷ്ണന്‍, പ്രൊഫ.എം.പി.മത്തായി തുടങ്ങിയ പ്രമുഖ ഗാന്ധീ സന്ദേശ പ്രചാരകര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങില്‍ ഡോ.എം.എസ്.മുരളി, ഡോ.അജിത.പി.എസ്, പ്രൊഫ.റീത്ത മാനുവല്‍, ഡോ.വിനോദ്കുമാര്‍ കല്ലോലിക്കല്‍, ഡോ.സുനീഷ്.കെ.എസ്, ഡോ.ആര്‍.ശ്രീകുമാര്‍, ഡോ.അനന്തപത്മനാഭന്‍, ഡോ.വിനീത്.എം, പ്രൊഫ.സുഭദ്രാമ്മാള്‍, മൃദുല ഗോപി തുടങ്ങിയവര്‍ സംസാരിക്കും. സെമിനാറിന്റെ ഭാഗമായി നടക്കുന്ന ചര്‍ച്ചകളില്‍ ഡോ.സുനില്‍കുമാര്‍ എസ് മേനോന്‍, പ്രൊഫ.ജനീഷ്.പി.എ, പ്രൊഫ.ദീപു.പി.കെ. തുടങ്ങിയവര്‍ അധ്യക്ഷത വഹിക്കും.
മഹാരാജാസില്‍ നിന്ന് മഹാത്മാവിലേക്ക് എന്ന സന്ദേശവുമായി ചരിത്ര വിഭാഗം നയിക്കുന്ന ചമ്പാരന്‍ യാത്രയുടെ ഫ്‌ളാഗ് ഓഫ് തുഷാര്‍ ഗാന്ധി നിര്‍വഹിക്കും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി പ്രതിനിധികള്‍ ഉള്‍ക്കൊളളുന്ന യാത്രാസംഘത്തെ ഡോ.വിനോദ്കുമാര്‍ കല്ലോലിക്കല്‍, പ്രൊഫ.ഷണ്‍മുഖന്‍.സി.എം തുടങ്ങിയവര്‍ നയിക്കും. പാലിയം, വൈക്കം, തിരുവാര്‍പ്പ്, ശബരി ആശ്രമം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാണ് സംഘം ചമ്പാരനില്‍ എത്തിച്ചേരുക. തുഷാര്‍ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങള്‍ മഹാരാജാസ് കോളേജില്‍ നടത്തിയിട്ടുണ്ട് എന്ന് പ്രിന്‍സിപ്പല്‍ കെ.എന്‍.കൃഷ്ണകുമാറും, പി.റ്റി.എ സെക്രട്ടറി ഡോ.വിനോദ്കുമാറും അറിയിച്ചു.
- Log in to post comments