Skip to main content

ജൈവ വൈവിധ്യ ഉദ്യാനം: ജില്ലയിലെ മികച്ച വിദ്യാലയങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

കാക്കനാട്: ജില്ലയിലെ വിവിധ പൊതുവിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ ജൈവ വൈവിധ്യ ഉദ്യാന പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാലയങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് വിതരണം ചെയ്തു. മികച്ച ജൈവ വൈവിധ്യ ഉദ്യാന പുരസ്‌കാര വിതരണവും മികച്ച പരിസ്ഥിതി പ്രവര്‍ത്തക അധ്യാപക അവാര്‍ഡ് വിതരണവും നിർവ്വഹിച്ച ജില്ലാ കളക്ടര്‍ വികസനത്തിനൊപ്പം പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കേണ്ട കാലമാണിതെന്ന് പറഞ്ഞു. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലയിലെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.

    ജില്ലയിലെ മികച്ച ജൈവ വൈവിധ്യ ഉദ്യാനത്തിനുള്ള ഒന്നാം സ്ഥാനം ആലുവ വിദ്യാഭ്യാസ ജില്ലയിലെ കോട്ടപ്പുറം ഗവ. എല്‍.പി. സ്‌കൂള്‍ കരസ്ഥമാക്കി. രണ്ടാം സ്ഥാനം സെന്റ് അഗസ്റ്റിന്‍ ഗവ. ഹൈസ്‌കൂള്‍ കോതമംഗലവും മൂന്നാം സ്ഥാനം കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ പിണ്ടിമന ഗവ. അപ്പര്‍ പ്രൈമറി സ്‌കൂളും കരസ്ഥമാക്കി. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ധനസഹായത്തോടെ പദ്ധതി നടപ്പിലാക്കി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വിദ്യാലങ്ങള്‍ക്ക് യഥാക്രമം 25000, 20000, 15000 രൂപ വീതം സമ്മാനമായി ലഭിച്ചു. ചടങ്ങില്‍ ജില്ലാതലത്തില്‍ മികച്ച പരിസ്ഥിതി പ്രവര്‍ത്തനം കാഴ്ചവെച്ച അധ്യാപകര്‍ക്കും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അധ്യാപകര്‍ക്കും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. 

    എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ലീല കെ.വി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ് മുഖ്യാതിഥിയായിരുന്നു. ആലുവ ഡി.ഇ.ഒ  സുബിന്‍ പോള്‍, സിബി ജോസഫ്, ശകുന്തള .കെ, പി.എം സുബൈര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

date