Skip to main content

ബാലാവകാശ സംരക്ഷണ നിയമം: മാധ്യമ ശില്‍പ്പശാല 12ന് തലശ്ശേരിയില്‍

ബാലാവകാശ സംരക്ഷണ നിയമം, സൈബര്‍ നിയമങ്ങള്‍ എന്നിവ സംബന്ധിച്ച് വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് മാധ്യമപ്രവര്‍ത്തകര്‍ക്കായി തലശ്ശേരിയില്‍ ഫെബ്രുവരി 12ന് ശില്‍പ്പശാല സംഘടിപ്പിക്കുന്നു. കണ്ണൂര്‍ പ്രസ് ക്ലബ്ബ്, തലശ്ശേരി പ്രസ് ഫോറം എന്നിവയുമായി സഹകരിച്ചാണ് പരിപാടി. തലശ്ശേരി മെട്രോ പൊളിറ്റന്‍ ക്ലബ്ബ് ഹാളില്‍ നടക്കുന്ന ശില്‍പശാല ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷത വഹിക്കും. 
ബാലാവകാശ നിയമവും മാധ്യമ റിപ്പോര്‍ട്ടിങ്ങും, സൈബര്‍ ഫോറന്‍സിക് അനാലിസിസ് എന്നീ വിഷയങ്ങളില്‍ തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍.എല്‍ ബൈജു, തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറി അസി. ഡയറക്ടര്‍ ഡോ.സി പി സുനില്‍ എന്നിവര്‍ ക്ലാസെടുക്കും.
ബാലാവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളും പൊതുവായ നിയമ അവബോധവുമാണ് ശില്‍പ്പശാലയിലൂടെ ലക്ഷ്യമാക്കുന്നത്. തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍, മട്ടന്നൂര്‍, ഇരിട്ടി, മാഹി ഭാഗങ്ങളിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കായാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. നേരത്തേ കണ്ണൂരില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം. 
താല്‍പര്യമുള്ള പ്രാദേശിക ലേഖകര്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ പ്രസ് ഫോറങ്ങള്‍ വഴിയോ, സ്ഥാപനങ്ങള്‍ വഴിയോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലോ (ഫോണ്‍- 0497 2700231, ഇ-മെയില്‍: kannurdio@gmail.com), തലശ്ശേരി പ്രസ് ഫോറത്തിലോ (0490 2322433) ഫെബ്രുവരി എട്ടിനു മുമ്പായി പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. 

date