കാക്കനാട് മെട്രോ: സര്‍വ്വേ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും
കാക്കനാട്: കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ പദ്ധതികള്‍ക്കായുള്ള സ്ഥലമെടുപ്പ് ജോലികളുടെ പുരോഗതി ജില്ലാ കളക്ടര്‍ എസ്. സുഹാസ് വിലയിരുത്തി. കൊച്ചി മെട്രോ റെയില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്ക് ദീര്‍ഘിപ്പിക്കുന്നതിന്റെ ഭാഗമായി പാലാരിവട്ടം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള റോഡ് വീതികൂട്ടുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സര്‍വ്വെ നടപടികള്‍ ഈ മാസം 29ന് മുന്‍പായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
വാട്ടര്‍ മെട്രോ പദ്ധതിയില്‍ ഉള്‍പ്പെട്ട 14 ബോട്ട് ടെര്‍മിനലുകള്‍ക്കായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ സാമൂഹിക പ്രത്യാഘാത പഠനം പൂര്‍ത്തിയായ സാഹചര്യത്തില്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഡെപ്യൂട്ടി കളക്ടര്‍ എം.വി സുരേഷ്‌കുമാര്‍, ലാന്റ് അക്വിസിഷന്‍ ഉദ്യോഗസ്ഥര്‍, കൊച്ചി മെട്രോറെയില്‍ അധികൃതര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments