Skip to main content

നൈപുണ്യവികസന പരിശീലനത്തിനൊപ്പം തൊഴിലും ഉറപ്പാക്കണം - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പട്ടികജാതി, വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യ വികസന പരിശീലനത്തിനൊപ്പം തൊഴില്‍ ലഭ്യതകൂടി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍  ഉറപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി പറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന ജില്ലാതല  പട്ടികജാതി, വര്‍ഗ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം.
പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള കുടിവെള്ള പദ്ധതികള്‍ മാര്‍ച്ച് 15 നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു.  കുടിവെള്ളക്ഷാമം  നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേകം  ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലയില്‍ ആകെ 43 കുടിവെള്ള പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. ഇതില്‍ 31 എണ്ണം പൂര്‍ത്തിയാക്കി. മറ്റുള്ളവയുടെ നിര്‍മാണം പുരോഗമിക്കുന്നു.  എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികളുടെ ഏകോപനത്തില്‍ എസ് സി പ്രമോട്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും  യോഗത്തില്‍ തീരുമാനമായി.
ജില്ലാ പഞ്ചായത്ത് അംഗം ഇ എസ് രമാദേവി, പട്ടികജാതി വികസന സമിതി അംഗം സി ഗോപാലകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ഷാജി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date