കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ ഉടനെ വിവരം അറിയിക്കണം.
ലോകാരോഗ്യ സംഘടന കൊറോണ (കോവിഡ് 19) രോഗത്തെ ഉയര്‍ന്ന സംക്രമണ സാധ്യത ഗണത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഉടനെ വിവരം അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി റീത്ത അറിയിച്ചു. വിവരങ്ങള്‍ യഥാസമയം അറിയിക്കാതെ മാറിനില്‍ക്കുന്ന സാഹചര്യം ആശങ്കാജനകമാണ്. ഇത് സ്ഥിതി സങ്കീര്‍ണമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാലാണ് ഡി.എം.ഒ.യുടെ നിര്‍ദ്ദേശം. വിവിധ പ്രദേശങ്ങളില്‍ നിന്നും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്ലണ്ട്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ, ഇറാന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നും വന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ 0491-2505264, 2505189 എന്നീ കോള്‍ സെന്റര്‍ നമ്പറുകളില്‍ ബന്ധപ്പെടണം. ഈ സാഹചര്യത്തില്‍ ഓരോരുത്തരും തങ്ങളുടെ അറിവിലോ പരിചയത്തിലോ ആരെങ്കിലും രോഗബാധിത രാജ്യങ്ങളില്‍ നിന്നും സമീപകാലത്ത് വന്നിട്ടുണ്ടെങ്കില്‍ ആ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി റീത്ത അറിയിച്ചു.
- Log in to post comments