Skip to main content

കോവിഡ് 19: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി വേങ്ങര ബ്ലോക്ക് പഞ്ചായത്ത്  അവലോകന യോഗം സംഘടിപ്പിച്ചു

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി വേങ്ങര ബ്ലോക്ക് പഞ്ചായത്ത്. വേങ്ങരയിലെ വിവിധ പഞ്ചായത്തുകള്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ബ്ലോക്ക് പഞ്ചായത്തില്‍ അവലോകന യോഗം ചേര്‍ന്നു. 
കോവിഡ്-19 ന്റെ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിദേശത്തു നിന്നും നാട്ടിലെത്തുന്ന മുഴുവന്‍ ആളുകളെയും കണ്ടെത്തി നിരീക്ഷിക്കുന്നതിനും ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും യോഗം തീരുമാനിച്ചു. വിദേശത്തു നിന്നെത്തിയവരെ പരിശോധിക്കുന്നതിനായി വേങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക കൗണ്ടര്‍ സജ്ജമാക്കിയതായി യോഗം അറിയിച്ചു. എല്ലാ ആശുപത്രികളിലും പൊതുജന സൗകര്യാര്‍ഥം ഹെല്‍പ്പ് ലൈന്‍ സംവിധാനം ഉറപ്പാക്കി. എല്ലാ പഞ്ചായത്തുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും കര്‍ശനമായി നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. 
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുള്‍ ഹഖിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.വി ബുഷ്‌റ മജീദ്, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സി.കെ കോയാമു, ബി.ഡി.ഒ ഹൈദ്രാസ്, വേങ്ങര മെഡിക്കല്‍ ഓഫീസര്‍ സലീന മുംതാസ്, ഡോക്ടര്‍  എ.പി സഞ്ജു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സൈദ് എം.അബ്ദു റഹിമാന്‍, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഡോക്ടര്‍  എ.പി സഞ്ജു വിശദീകരിച്ചു.
 

date