Skip to main content

കോവിഡ് 19: 'നിക്കാഹ് പിന്നെയുമാകാം, നാടിനുവേണ്ടി  കാത്തിരിക്കാന്‍ തന്‍സീഹും ബുഷ്റയും...'

 

 

നിക്കാഹിനായുള്ള അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയപ്പോഴാണ് കൊറോണയെന്ന വില്ലന്റെ കടന്നുവരവ്. വീട്ടുകാരെയും നാട്ടുകാരെയും എല്ലാം ക്ഷണിച്ചു. വിവാഹപ്പന്തലും അലങ്കാരങ്ങളും പൂര്‍ത്തിയായി. നിശ്ചയിച്ച സമയത്ത് തന്നെ നിക്കാഹ് നടത്താമായിരുന്നുവെങ്കിലും സമൂഹനന്മക്കായി ജീവിതത്തിലെ ആ പ്രധാന നിമിഷം മാറ്റിവച്ച് മാതൃകയാകുകയാണ് മുഹമ്മദ് തന്‍സീഹും ബുഷ്റ ഇസ്മായിലും. 

വരുന്ന ഞായറാഴ്ച(മാര്‍ച്ച് 15) ആയിരുന്നു കാട്ടൂര്‍ സ്വദേശി മുഹമ്മദ് തന്‍സീഹിന്റെയും വലഞ്ചുഴി സ്വദേശി ബുഷ്റ ഇസ്മായിലിന്റെയും നിക്കാഹ് നിശ്ചയിച്ചിരുന്നത്. അതിനിടയിലാണ് കൊറോണ രോഗനിയന്ത്രണത്തിന്റെ ഭാഗമായി വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികള്‍ നീട്ടിവയ്ക്കണമെന്ന ജില്ലാഭരണകൂടത്തിന്റെ അഭ്യര്‍ഥന ഇവരിലേക്കെത്തുന്നത്. കൊറോണയെ പ്രതിരോധിക്കാനായി സംഗമങ്ങളും പൊതുപരിപാടികളും ഒഴിവാക്കണമെന്നതായിരുന്നു ആ അഭ്യര്‍ഥന. ഇതോടെ നിക്കാഹ് മാറ്റിവയ്ക്കാന്‍ ഇരുകുടുംബങ്ങളുംചേര്‍ന്നു തീരുമാനിക്കുകയായിരുന്നു. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ 'ആഘോഷങ്ങളൊക്കെ പിന്നെയും ആകാമല്ലോ, കരുതലും ജാഗ്രതയുമല്ലേ ഇപ്പോള്‍ ആവശ്യം...' എന്നതായിരുന്നു വരന്‍ തന്‍സീഹിന്റെ മറുപടി. ഇതുപോലെയുള്ള അനേകം മാതൃകകളാണു കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ സന്നദ്ധരായി എത്തിയിരിക്കുന്നത്. കൊറോണയെ പ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായി ഒരേമനസോടെ പ്രവര്‍ത്തിക്കണമെന്നാണ് ഇവര്‍ സമൂഹത്തോട് ആവശ്യപ്പെടുന്നത്.

 

date