Skip to main content

അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19് മുന്‍കരുതല്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതം 

 

 

 

കോവിഡ് 19 (കൊറോണ)  ബാധയുടെ പശ്ചാത്തലത്തില്‍ അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി.   പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു സംബന്ധിച്ച് ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത യോഗം പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദും ആരോഗ്യ വകുപ്പിന്റെ മുന്‍ കരുതല്‍ പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.അബ്ദുല്‍ നസീറും അവതരിപ്പിച്ചു.

കോവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നവരുടെ വിവരം പഞ്ചായത്ത് തലത്തില്‍ ദ്രുത കര്‍മ്മസേന രൂപീകരിച്ച്  ശേഖരിച്ച് തുടര്‍ നടപടി സ്വീകരിക്കും.  വാര്‍ഡ് തലത്തില്‍ മെംബര്‍മാരുടെ നേതൃത്വത്തിലായിരിക്കും വിവരശേഖരണം.  അങ്കണവാടി ടീച്ചര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം ഗൃഹസന്ദര്‍ശനം നടത്തി പ്രത്യേക ബോധവല്‍കരണം നല്‍കും. പൊതുജനങ്ങള്‍ ഒത്തുചേരുന്ന എല്ലാ പരിപാടികളും മാറ്റിവെക്കും.  തട്ട് കടകള്‍ രാത്രി എട്ടുമണി വരെയേ പ്രവര്‍ത്തിപ്പിക്കൂ.  പ്രധാന സ്ഥലങ്ങളില്‍ നോട്ടീസ് ബോര്‍ഡ് സ്ഥാപിക്കും.   സോപ്ര്‍ട്‌സ് ടര്‍ഫിലെ രാത്രികാല മല്‍സരങ്ങള്‍ നിര്‍ത്തും.  ദൂരെ സ്ഥലകളില്‍ നിന്ന് ചികില്‍സക്കായി മുക്കാളിയിലെ പാരമ്പര്യ വൈദ്യ ചികിത്സാ കേന്ദ്രത്തിലെത്തുന്നവരെ നിയന്ത്രിക്കും.  മാര്‍ച്ച് 31 വരെ ചികില്‍സ ജില്ലയിലുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തും.   വിദേശികള്‍ കിടത്തിച്ചികിത്സ തേടുന്ന ആയ്യൂര്‍വേദ ആശുപത്രിയില്‍ പുതുതായി  വിദേശികളെ താമസിപ്പിക്കരുത് എന്ന നിര്‍ദ്ദേശം നല്‍കാനും തിരുമാനിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ അനില്‍, സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ഉഷ ചാത്താംകണ്ടി, ജസ്മിന കല്ലേരി, ഡോ രമ്യ സി.കെ, ഡോ. ഷംന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉഷ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവന്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ പി.ശ്രീധരന്‍, പി.ബാബു രാജ്, സി.സുഗതന്‍, എസ്.പി.ഹംസ, മുബാഷ് കല്ലേരി, കെ.പി.പ്രമോദ്, പ്രദീപ് ചോമ്പാലാ, കെ.വി.രാജന്‍ മാസ്റ്റര്‍, പത്മനാഭന്‍ ടി.ടി, പി.എം അശോകന്‍, ഫഹദ് എരിക്കില്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ.പി.ഷൈജ എന്നിവര്‍ സംസാരിച്ചു.

date