Skip to main content

കോവിഡ് 19: കോറോണയെ പിടിച്ചുകെട്ടാന്‍ 24 മണിക്കൂറും  സജീവമായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും..

 

ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച നാള്‍മുതല്‍ 24 മണിക്കൂറും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ് ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. വൈറസ്‌രോഗബാധ തടയാനുള്ള അടിയന്തര മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നതായിരുന്നു ആദ്യലക്ഷ്യം. അതിനായി ഇറ്റലിയില്‍ നിന്നെത്തിയ ദമ്പതികളുടെയും മകന്റെയും യാത്രാവിവരങ്ങളും മറ്റു വിവരങ്ങളും കണ്ടെത്തുകയായിരുന്നു ആദ്യ കടമ്പ. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ(എന്‍.ഐ.സി) നേതൃത്വത്തില്‍ അതിവേഗം ഫ്‌ളോ ചാര്‍ട്ട്(റൂട്ട് മാപ്പ്) തയാറാക്കി. ഇതുപ്രകാരം രോഗബാധ സ്ഥിരീകരിച്ച കുടുംബം നേരിട്ടോ അല്ലാതെയോ ഇടപഴകിയവരെ കണ്ടെത്തി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ(പി.എച്ച്.സി) സഹായത്തോടെ അവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. ഇതിന്റെ ഭാഗമായി നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ ട്രാക്ക് ചെയ്യാന്‍ ജിപിഎസ് സംവിധാനമേര്‍പ്പെടുത്തി. ഈ സംവിധാനം ഉപയോഗിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ലൊക്കേഷന്‍ മനസിലാക്കുവാന്‍ കഴിയും. ഇവര്‍ ആരെങ്കിലും പൊതുഇടങ്ങളിലേക്ക് ഇറങ്ങുകയാണെങ്കില്‍ ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പോലീസിനെ ചുമതലപ്പെടുത്തി. അതത് പഞ്ചായത്തുകള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കി. 

നിരീക്ഷണത്തിലുള്ള 588 പേരുടെ വീടുകളാണ് ട്രാക്ക് ചെയ്തിരിക്കുന്നത്. ഇവരില്‍ ആര്‍ക്കെങ്കിലും അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനും രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയിലെത്തിക്കുന്നതിനും ഫീല്‍ഡ് സ്റ്റാഫിനും ജിയോ മാപ്പിന്റെ സഹായത്തോടെ വീടുകളില്‍ എത്തുന്നതിന് സഹായകരമാകും. 

70 പേരടങ്ങുന്ന സംഘം മൂന്നു ടീമുകളായാണു വീടുകളില്‍ കഴിയുന്നവരെ നിരീക്ഷിക്കുകയും ഇവരില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുകയും ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത്. നിലവില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണു ടീമിനെ സജ്ജീകരിച്ചിരിക്കുന്നത്.  

  പത്തുപേരടങ്ങുന്ന സംഘം ദിവസവും രാവിലെയും വൈകുന്നേരവും വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കും. ടീമിലുള്ള കൗണ്‍സിലര്‍മാര്‍ ഫോണിലൂടെ മാനസിക പിന്തുണ നല്‍കുന്നു. എതെങ്കിലുംതരത്തിലുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവരെ ആശുപത്രിയിലേക്കു മാറ്റും. ഡോ.ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് വിവര ശേഖരണം നടത്തുന്നത്. ട്രാക്ക് ചെയ്യുന്നതും കൗണ്‍സിലിങ് നല്‍കുന്നതും മെഡിക്കല്‍ സംഘത്തില്‍ നിന്നുള്ളവരാണ്.  കൂടാതെ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യസ്ഥിതിയും ചോദിച്ചറിയും. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ ആശുപത്രിയിലേക്കു മാറ്റുന്നതിനു മെഡിക്കല്‍ സംഘത്തിന് വിവരം കൈമാറും. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ ആവശ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ദിവസവും അതത് ഗ്രാമപഞ്ചായത്തുകള്‍ക്ക് കൈമാറും.  ഇന്നലെ(12)മാത്രം 70 പേര്‍ക്ക് അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എത്തിയ സംഘം തയ്യാറാക്കിയ ചോദ്യങ്ങളാണ് നിരീക്ഷണത്തില്‍ കഴിയുന്നവരോട് ചോദിക്കുന്നത്.

 

date