Skip to main content

നിരീക്ഷണത്തിലുള്ളവര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും  ഭക്ഷണമെത്തിച്ച് ഓമല്ലൂര്‍ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് 

കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കും സേവനത്തിലുള്ള ആശുപത്രി ജീവനക്കാര്‍ക്കും ഭക്ഷണമെത്തിച്ച് ഓമല്ലൂര്‍ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് മാതൃകയാകുന്നു. മൂന്നുദിവസമായി ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കും സേവനത്തിലുള്ള ആരോഗ്യവകുപ്പു ജീവനക്കാര്‍ക്കും പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകിട്ടുള്ള ഭക്ഷണം എന്നിവയും സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് വിതരണത്തിനായി എത്തിക്കുന്നു. ആശുപത്രിയില്‍ എത്തിക്കുന്ന ഭക്ഷണസാധനങ്ങള്‍ ആരോഗ്യവകുപ്പു ജീവനക്കാര്‍ തന്നെയാണു നിരീക്ഷണത്തിലിരിക്കുന്നവര്‍ക്ക് വിതരണം ചെയ്യുന്നത്. 

കൂടാതെ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ടീമിനുള്ള ഭക്ഷണവും ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നുണ്ട്. 12ന് വൈകിട്ട് 100 പേര്‍ക്കുള്ള ഭക്ഷണ സാധനം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുനല്‍കി. വെള്ളിയാഴ്ച്ച ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കും ജീവനക്കാര്‍ക്കും കളക്ടറേറ്റില്‍ കൊറോണ വ്യാപനം തടയാന്‍ സേവനത്തിലുള്ളവര്‍ക്കുമായി രാവിലെ 100, ഉച്ചയ്ക്ക് 250, വൈകിട്ട് 100 എന്ന കണക്കില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു. ശനിയാഴ്ച്ച ഇവര്‍ക്കായി രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണമെത്തിച്ചു. വരും ദിവസങ്ങളിലും ഭക്ഷണമെത്തിക്കുമെന്ന് ഓമല്ലൂര്‍ സാന്ത്വനം ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. ഇതുമായി സഹകരിക്കാന്‍ തയാറുള്ള സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും അരി, പച്ചക്കറി മുതലായ എത്തിച്ചുനല്‍കാന്‍ സന്നദ്ധരായാല്‍ ഭക്ഷണം തയാറാക്കി നല്‍കാനാകുമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തകന്‍ ലിജോ ഉമ്മന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ഭക്ഷണം എത്തിക്കുന്നത്.

 

 

 

date