ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ഭക്ഷണ കിറ്റ് വീട്ടിലെത്തിക്കുന്നു
കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ഭക്ഷണ കിറ്റ് നല്‍കുന്നു. മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന്റേയും പത്തനംതിട്ട റീഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്റേയും നേതൃത്വത്തിലാണ് വിവിധ പഞ്ചായത്തുകളിലെ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് കിറ്റുകള്‍ നല്‍കുന്നത്. ആരോഗ്യവകുപ്പ് ലിസ്റ്റിലുള്ള ഐസൊലേറ്റഡ് കുടുംബങ്ങള്‍ക്കാണ് കിറ്റ് എത്തിക്കുക. കിറ്റ് ആവശ്യമുള്ളവര്‍ 9447269714, 9446305306 എന്നീ നമ്പറില്‍ ബന്ധപ്പെടുക.
ഐസൊലേഷനിലുള്ളവര്‍ക്ക് കിറ്റ് കൃത്യമായി അവരവരുടെ വീടുകളില്‍ എത്തിച്ച് നല്‍കും. അവശത അനുഭവിക്കുന്നവര്‍ക്ക് വീടുകളിലെത്തി ആശ്വാസവും പാലിയേറ്റീവ് പരിചരണവും നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തിക്കുന്നത്. റാന്നി താലൂക്കില്‍ 800 ല്‍ അധികം കുടുംബങ്ങളിലാണ് എല്ലാമാസവും ഇവരെത്തി രോഗീപരിചരണം നടത്തുന്നത്. രാജു എബ്രഹാം എംഎല്‍എ (പ്രസിഡണ്ട്), പി ആര്‍ പ്രസാദ് (സെക്രട്ടറി), വിജോയ് പുള്ളോലി (കണ്‍വീനര്‍) എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കോവിഡ് മൂലം വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്ക് ആശ്വാസമാവുക എന്നതാണ് ഭക്ഷണ വിതരണത്തിലൂടെ ഉദ്ദേശിക്കുന്നത്. മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ രോഗ ബാധിത മേഖലയില്‍ 10000 പരിസ്ഥിതി സൗഹാര്‍ദ്ദ മാസ്‌ക്കുകള്‍ വിതരണം ചെയ്യും. ഇതിന്റെ ആദ്യഘട്ടമായി ആയിരം മാസ്‌ക്കുകള്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. അരി, പലവ്യഞ്ജനങ്ങള്‍, വെളിച്ചെണ്ണ എന്നിവ ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍ ആണ് ഓരോ കിറ്റിലുമുള്ളത്.
- Log in to post comments