Skip to main content

എസ് എസ് എല്‍ സി: ജില്ലയില്‍ 33771 പേര്‍ പരീക്ഷ എഴുതും

ജില്ലയില്‍ ഇത്തവണ എസ് എസ് എല്‍ സി പരീക്ഷയെഴുതുന്നത് 33771 വിദ്യാര്‍ഥികള്‍. മാര്‍ച്ച് 10ന് ആരംഭിക്കുന്ന എസ് എസ് എല്‍ സി പരീക്ഷയുടെ  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എസ്എസ് എല്‍ സി പ്ലസ് ടു പരീക്ഷകള്‍ ഒരേ സമയത്ത് നടക്കുന്നു എന്നതാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രത്യേകത. സി സി ടി വി അടക്കമുള്ള സുരക്ഷ സൗകര്യങ്ങളും ഇത്തവണ ഉണ്ട്.
2019 -2020 വര്‍ഷത്തില്‍ ആദ്യമായി പരീക്ഷ എഴുതുന്നവര്‍ റഗുലറായും, 2016-2017 മുതല്‍ 2018-19 വരെ പരീക്ഷ എഴുതി പാസാവാത്തവര്‍ പി സി ഒ ആയും ആണ് പരീക്ഷ എഴുതുന്നത്.
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. 14102 പേര്‍. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ 12183 വിദ്യാര്‍ഥികളും കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 7486 പേരുമാണ് ഇത്തവണ പരീക്ഷ എഴുതും.
മാര്‍ച്ച് 10ന് ചൊവ്വാഴ്ച തുടങ്ങി മാര്‍ച്ച് 26 ന് വ്യാഴാഴ്ച പരീക്ഷകള്‍ അവസാനിക്കും.റഗുലര്‍ വിഭാഗത്തിലുള്ളവര്‍ക്ക് 9 പേപ്പറുകള്‍ ഉള്‍പ്പെടുന്ന എഴുത്ത് പരീക്ഷയാണ് നടത്തുന്നത്.80 സ്‌കോറുള്ള വിഷയങ്ങള്‍ക്ക് രണ്ടര മണിക്കൂറും 40 സ്‌കോറുള്ള വിഷയങ്ങള്‍ക്ക് ഒന്നര മണിക്കൂറുമാണ് പരീക്ഷ സമയം. രാവിലെ 9.45 നാണ് പരീക്ഷ ആരംഭിക്കുക.
എഴുത്ത് പരീക്ഷയ്ക്ക് പ്രാരംഭ ഘട്ടത്തില്‍ 15 മിനിട്ട് കൂള്‍ ഓഫ് ടൈം ലഭിക്കും. സംസ്ഥാന കലോത്സവം, ഗണിതോത്സവം, ശാസ്‌ത്രോത്സവം, സാമൂഹ്യ ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐടി മേള, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജെ ആര്‍ സി, ദേശീയ സംസ്ഥാന ബാല ശാസ്ത്ര കോണ്‍ഗ്രസ്, എന്‍ സി സി, എസ് പി സി, ലിറ്റില്‍ കൈറ്റ്‌സ് എന്നീ വിഭാഗത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക്  ഗ്രേസ് മാര്‍ക്ക് അനുവദിക്കും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാനുകൂല്യങ്ങള്‍ നല്‍കുന്നുമുണ്ട്. ഇവരില്‍ ശ്രവണ വൈകല്യമോ  ബുദ്ധിപരമായ വെല്ലുവിളികളോ നേരിടുന്ന വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുക.
പരീക്ഷാ ഹാളുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. പൂര്‍ണ സുരക്ഷയിലാണ് പരീക്ഷകള്‍ നടക്കുക എന്നും വിദ്യാഭ്യാസ ഉപഡയറക്ടറുടെ പൂര്‍ണ അധിക ചുമതല കൂടി വഹിക്കുന്ന കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി പി സനകന്‍ അറിയിച്ചു.
എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ജില്ലാതലത്തിലും വിദ്യാഭ്യാസ ജില്ലാ തലത്തിലും പരിശോധനകള്‍ നടത്തുന്നതിനുള്ള സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കലക്ടറാണ് ജില്ലാതലത്തിലുള്ള മോണിറ്ററിങ്ങ് കമ്മിറ്റിയുടെ ചെയര്‍മാന്‍.
ജില്ലയില്‍ കഠിനമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പരീക്ഷ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക്  വെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

date