നാടുകാണി ചുരത്തില്‍ യാത്രക്കാരെ പരിശോധിക്കും
കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി നാടുകാണി ചുരത്തിലെ ജില്ലാ അതിര്‍ത്തിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ ഇന്ന് (മാര്‍ച്ച് 15) മുതല്‍ പരിശോധനക്കു വിധേയരാക്കും. ആരോഗ്യ വകുപ്പും പോലീസും സംയുക്തമായാണ് പരിശോധനക്കുള്ള സൗകര്യമൊരുക്കുകയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ബസുകള്‍, ചരക്കു വാഹനങ്ങള്‍, മറ്റു യാത്രാ വാഹനങ്ങള്‍ എന്നിവയില്‍ ജില്ലയിലേക്കെത്തുന്നവരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് ഉറപ്പു വരുത്തും.
രോഗ ലക്ഷണങ്ങളുള്ളവരെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും. ചുമ, ജലദോഷം തുടങ്ങി മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ച് ആരോഗ്യ സ്ഥിതി ഉറപ്പു വരുത്തും. ഇങ്ങനെ എത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ജില്ലാതല കണ്ട്രോള് സെല്ലില്‍ നിന്ന് അറിയിക്കും.
- Log in to post comments