Skip to main content

തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം- മന്ത്രി പി. തിലോത്തമന്‍ --- കൊറോണ; പ്രതിരോധത്തിന് സമഗ്ര തീവ്രയജ്ഞം

കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ വീടുകള്‍ തോറുമുള്ള ബോധവത്കരണം ഉള്‍പ്പെടെയുള്ള സമഗ്ര തീവ്രയജ്ഞം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കും. 

 ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. വിദേശത്തുനിന്നെത്തുന്നവര്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം വീടുകളില്‍ കഴിയുന്നവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെന്നും ഉറപ്പാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.   

രോഗപ്രതിരോധത്തിനായി സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ വിശദമാക്കുന്ന ലഘുലേഖകള്‍ അടിന്തരമായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ എത്തിക്കും. പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി ഇന്ന്(മാര്‍ച്ച് 15 ഞായര്‍) ബ്ലോക്ക് തലത്തില്‍ എം.എല്‍.എമാരുടെ അധ്യക്ഷതയില്‍ യോഗം ചേരും. നാളെ(മാര്‍ച്ച് 16 തിങ്കള്‍) എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രസിഡന്‍റുമാരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രാദേശിക പ്രതിരോധ ബോധവത്കരണ പരിപാടികളുടെ രൂപരേഖ തയ്യാറാക്കും. വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഏകോപിപ്പിക്കും.

ഹോം ക്വാറന്‍റയിന്‍ പരിശോധിക്കാന്‍ വോളണ്ടിയര്‍മാര്‍

ആശുപത്രികളില്‍ ഐസോലേഷനില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങളുടെയും  വീടുകളില്‍ ജനസമ്പര്‍ക്കമില്ലാതെ താമസിക്കുന്നവരുടെയും ആവശ്യങ്ങള്‍ അറിഞ്ഞ് സഹായം ലഭ്യമാക്കുന്നതിന് പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കും. ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഓരോ വീടിനും ഓരോ വോളണ്ടിയറെ ചുമതലപ്പെടുത്തും. 

 

റെയില്‍വേ സ്റ്റേഷനുകളിലും

ബസ് സ്റ്റാന്‍ഡുകളിലും ഹെല്‍പ്പ് ഡസ്ക്

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ കൊറോണ ഹെല്‍പ്പ് ഡസ്ക് പ്രവര്‍ത്തനമാരംഭിച്ചു. പ്രധാന ബസ് സ്റ്റാന്‍റുകളില്‍ ഇന്ന് (മാര്‍ച്ച് 15)  ഹെല്‍പ്പ് ഡസ്ക് തുറക്കും. ട്രെയിന്‍ യാത്രക്കാര്‍ക്ക് ബോധവത്കരണം നല്‍കുന്നതിനൊപ്പം പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ആശുപത്രികളിലെത്തിക്കും. 

 

ഐസൊലേഷന്‍ ഹോസ്റ്റലുകള്‍ പരിഗണനയില്‍

 വിദേശത്തുനിന്ന് വന്നവരും രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകളും ഉള്‍പ്പെടെയുള്ളവരില്‍ പലര്‍ക്കും വീടുകളില്‍ പൊതു സമ്പര്‍ക്കമൊഴിവാക്കി താമസിക്കുന്നതിനുള്ള അസൗകര്യം കണക്കിലെടുത്ത്  ഐസൊലേഷന്‍ ഹോസ്റ്റലുകള്‍ സജ്ജീകരിക്കുന്നത് പരിഗണിക്കും. ഇതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

കുടുംബശ്രീ മാസ്കുകള്‍ ലഭ്യമാക്കും

മാസ്കുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ തുണി മാസ്കുകള്‍ നിര്‍മിച്ചു നല്‍കുന്നതിന് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

 

ടെലി കണ്‍സള്‍ട്ടേഷന്‍

ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ക്ക് അവശ്യ സന്ദര്‍ഭങ്ങളില്‍ വിദഗ്ധ  ഡോക്ടര്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന് ടെലി കണ്‍സള്‍ട്ടേഷന്‍ സംവധാനം ഏര്‍പ്പെടുത്തി. 7034322777 എന്ന നമ്പരിലാണ് ടെലി കണ്‍സള്‍ട്ടേഷനുവേണ്ടി ബന്ധപ്പെടേണ്ടത്. ഈ നമ്പരിലേക്ക് വിളിക്കുന്നവരെ ഡോക്ടര്‍മാര്‍ വീഡിയോ കോളിലൂടെ തിരികെ ബന്ധപ്പെട്ട് രോഗവിവരം അന്വേഷിക്കുകയും ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.  വാട്സപ് വീഡിയോ, വോയ്സ് കോള്‍ എന്നിവയും ഇതിനായി പ്രയോജനപ്പടുത്താം. 

 

സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണം- മന്ത്രി

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനും  വ്യക്തിശുചിത്വവും പരിസര ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനും  തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് മന്ത്രി പി. തിലോത്തമന്‍ നിര്‍ദേശിച്ചു. കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി പരത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിലവിലെ പ്രതിസന്ധി നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെ പൂര്‍ണമായും അംഗീകരിക്കുമെന്നും മറ്റു ജനപ്രതിനിധികള്‍ അറിയിച്ചു. 

 

തോമസ് ചാഴികാടന്‍ എംപി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി.എഫ്. തോമസ്, പി.സി. ജോര്‍ജ്, ഡോ. എന്‍. ജയരാജ്,  മോന്‍സ് ജോസഫ്, സി.കെ. ആശ, മാണി സി. കാപ്പന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്,  മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ഡോ. പി.ആര്‍ സോന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. ശോഭ സലിമോന്‍, എ.ഡി.എം അനില്‍ ഉമ്മന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, കോട്ടയം മെഡിക്കല്‍ കോളേജിലെ സാംക്രമിക രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. സജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date