ജന്‍ വിജ്ഞാന്‍ വികാസ് യാത്രയ്ക്ക് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 9) തുടക്കം
കൊച്ചി: തദ്ദേശസ്വയംഭരണവകുപ്പിന്റെ നേതൃത്വത്തില്‍ പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ നയിക്കുന്ന എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന്‍ വികാസ് യാത്രയ്ക്ക് ഇന്ന് (ഫെബ്രുവരി 9ന്) ജില്ലയില്‍ തുടക്കമാകും. ഒമ്പത്, 10,11 തീയതികളില്‍ പത്ത് പഞ്ചായത്തുകളിലായാണ് യാത്ര സംഘടിപ്പിക്കുന്നത്. ഒമ്പതിന് രാവിലെ 9 മണിക്ക് മാറാടി പഞ്ചായത്തില്‍ പ്രവേശിക്കുന്ന ജന്‍ വിജ്ഞാന്‍ യാത്ര പായിപ്ര, നെല്ലിക്കുഴി, ഒക്കല്‍ എന്നിവിടങ്ങളിലും 10ന് വാഴക്കുളം, ചൂര്‍ണിക്കര, ചെങ്ങമനാട്, കുന്നുകര എന്നിവിടങ്ങളിലും 11ന് നെടുമ്പാശ്ശേരിയിലും കറുകുറ്റിയിലും പര്യടനം നടത്തും. ഓരോ പഞ്ചായത്തിലും പരമാവധി രണ്ടു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന സ്വീകരണയോഗങ്ങളാണുണ്ടാവുക.
യാത്രാ സ്വീകരണ യോഗങ്ങളില്‍ ഗ്രാമത്തിലെ നല്ല പോസ്റ്റ്മാന്‍, നല്ല പാല്‍ വിതരണക്കാരന്‍, നല്ല ചുമട്ടുതൊഴിലാളി, നല്ല പോലീസുകാരന്‍, നല്ല ഓട്ടോറിക്ഷാ ഡ്രൈവര്‍, നല്ല ഗ്രാമസേവകന്‍, നല്ല ആരോഗ്യ പ്രവര്‍ത്തകന്‍, നല്ല വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, നല്ല ജൈവകര്‍ഷകന്‍ തുടങ്ങി സമൂഹത്തിന് നന്മ ചെയ്യുന്ന പ്രവര്‍ത്തകരെ ആദരിക്കും.
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ ശാസ്ത്ര കൗതുകം, കുടുംബശ്രീ മിഷന്റെ വിജയഗാഥ, സാംസ്‌കാരിക വകുപ്പിന്റെ സഞ്ചരിക്കുന്ന പുസ്തകശാല, ബയോടെക്കിന്റെ ഹരിതകേരളം, ഖാദി കമ്മീഷന്റെ പ്രകൃതിയും ആഹാരവും, എന്നി നിശ്ചല ദൃശ്യങ്ങളടങ്ങിയ വാഹനവ്യൂഹമാണ് ജന്‍ വിജ്ഞാന്‍ വികാസ് യാത്രയിലുള്ളത്്. ജനമൈത്രീ പോലീസിന്റെ നാടക സംഘം അവതരിപ്പിക്കുന്ന ഡിജിറ്റല്‍ കേരള എന്ന ഹ്രസ്വ നാടകവുമുണ്ട്.
വായനയിലൂടെയും സാങ്കേതികവിദ്യയിലൂടെയും ജനങ്ങളില്‍ അറിവ് വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്. അറിവിലൂടെ സമ്പന്നനാകൂ ശാസ്ത്രത്തിലൂന്നി ശക്തനാകൂ എന്നതാണ് യാത്രയുടെ മുദ്രാവാക്യം.
- Log in to post comments