Skip to main content

ഇവര്‍ക്കും പറയാനുണ്ട് ചില ഐസലേഷന്‍ കഥകള്‍...

പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ഒരാഴ്ച്ച പിന്നിടുമ്പോള്‍ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ഒപ്പം രാപ്പകല്‍ വ്യത്യാസമില്ലാതെ ജോലിചെയ്യുന്ന ചിലരുണ്ട്. 

വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനമായും കരുതലായും നിരന്തരം ഫോണിലൂടെ ബന്ധപ്പെടുന്നവര്‍. ഒറ്റപ്പെട്ടുപോകുമോ എന്ന ഭയത്തില്‍ കഴിഞ്ഞവര്‍ക്ക് കൂട്ടായി നില്‍ക്കുന്നവര്‍. ഹോം ഐസലേഷനില്‍ കഴിയുന്നവരുമായി ബന്ധപ്പെടുന്ന പത്തനംതിട്ട കളക്ടറേറ്റിലെ കോള്‍ സെന്ററിലെ ഉദ്യോഗസ്ഥരുടെ അനുഭവങ്ങള്‍ വ്യത്യസ്തമാണ്.  

 

എന്താ ഇന്ന് വിളിക്കാന്‍ വൈകിയത്... കാത്തിരിക്കുകയായിരുന്നു...

 

എന്താ വിളിക്കാന്‍ വൈകിയത്... ഞങ്ങളെ മറന്നു പോയോ... കോള്‍ സെന്ററില്‍ നിന്നും രാവിലെ ഐസലേഷനില്‍ കഴിയുന്ന വ്യക്തിയെ വിളിച്ചപ്പോള്‍ ആദ്യംകേട്ടത് ഈ വാചകങ്ങളാണെന്ന് സോഷ്യല്‍ വര്‍ക്കറും നാഷണല്‍ ഹെല്‍ത്ത് മിഷന്റെ പറക്കോട് ബ്ലോക്ക് പി ആര്‍ ഒ യുമായ പ്രിന്‍സ് ഫിലിപ്പ് പറയുന്നു. വൈറസ്ബാധ സ്ഥിരീകരിച്ച ആദ്യ ദിവസങ്ങളില്‍ വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവരെ വിവരങ്ങള്‍ ശേഖരിക്കാന്‍ വിളിക്കുമ്പോള്‍ ആശങ്കയോടെയും ദേഷ്യത്തോടെയുമുള്ള മറുപടികളായിരുന്നു കൂടുതലും ലഭിച്ചിരുന്നത്. ഇന്ന് ആശങ്കകള്‍ പ്രതീക്ഷകള്‍ക്ക് വഴിമാറുകയാണ്. 

 

ഒരു ബുദ്ധിമുട്ടുമില്ല മോളേ, ഞങ്ങളിരുന്നോളാം...നാടിനുവേണ്ടിയല്ലേ..

 

ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് മാനസികപിന്തുണ നല്‍കുക എന്നതാണ് തണ്ണിത്തോട് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന എസ്.സനിതയുടെ ദൗത്യം. എന്നാല്‍ ഫോണിലൂടെ സംസാരിക്കുമ്പോള്‍ ഭൂരിഭാഗം ആളുകളും നല്ല രീതിയിലാണു പ്രതികരിക്കുന്നതെന്നാണ് സനിത പറയുന്നു. ഒരിക്കല്‍ വീട്ടില്‍ ഐസലേഷനില്‍ കഴിയുന്ന നഴ്‌സിനെ വിളിച്ചപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നതില്‍ തങ്ങള്‍ക്ക് യാതൊരു പരിഭവവും ഇല്ലെന്നും മറിച്ച് രോഗംപ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഇത്രയധികം കഷ്ടപ്പെടുമ്പോള്‍ തങ്ങളാല്‍ ആകുംവിധം സഹകരിക്കുമെന്നുമാണു  ലഭിച്ച പ്രതികരണം. രോഗം വ്യാപിക്കാതിരിക്കാനല്ലേ പ്രശ്‌നമില്ലാ എന്ന് പറയുന്നവര്‍ക്കൊപ്പം ദേഷ്യത്തോടെ പ്രതികരിക്കുന്ന ചിലരുമുണ്ടെന്നും കൗണ്‍സിലര്‍ പറയുന്നു.

  രോഗബാധിതര്‍ പോയ ഇടങ്ങളില്‍ അബദ്ധവശാല്‍ പോയ ഞങ്ങളും ഐസലേഷനില്‍ കഴിയണോ എന്ന് ചോദിക്കുന്നവരും ഐസലേഷന്‍ കാലാവധി കുറച്ചുതരുമോ എന്ന് ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കോള്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം ഉദ്യോഗസ്ഥരുടെയും അഭിപ്രായം ഇങ്ങനെയാണ്. പലര്‍ക്കും പറയാനുള്ളത് വ്യത്യസ്തങ്ങളായ ഐസലേഷന്‍ കഥകളാണ്. 

 

date