കോവിഡ് 19- അതിര്‍ത്തി മേഖലയായ കുമളിയില്‍ സ്‌ക്രീനിംഗും പരിശോധനയും കര്‍ശനമാക്കി
കൊറോണ രോഗബാധയ്‌ക്കെതിരെ പഴുതടച്ച മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് അതിര്‍ത്തി പ്രദേശമായ കുമളി ഗ്രാമപഞ്ചായത്ത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ചെക്ക്‌പോസ്റ്റില്‍ സ്‌ക്രീനിംഗ് ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി കടന്നെത്തുന്ന എല്ലാ വാഹനങ്ങളിലെയും യാത്രക്കാരെ കൊറോണയുടെ പ്രാരംഭ ലക്ഷണങ്ങളായ ചുമ, പനി, തൊണ്ടവേദന, ശ്വാസതടസം എന്നിവയുണ്ടായെന്നു പരിശോധിച്ച ശേഷമാണ് തുടര്‍യാത്ര അനുവദിക്കുന്നത്. യാത്രികര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധത്തില്‍ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചാണ് പനിയുണ്ടോയെന്ന് നോക്കുന്നത്. ഇതോടൊപ്പം പഞ്ചായത്തും , ആരോഗ്യ വകുപ്പും പോലീസും സജീവമായി കോവിഡ് 19 നെതിരെ ജാഗ്രതാ നിര്‍ദ്ദേശങ്ങളും നടത്തി വരുന്നു. തേക്കടി ഉള്‍പ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന കുമളി മേഖലയില്‍ കൊറോണയ്‌ക്കെതിരെ അതീവ ജാഗ്രതയാണ് അധികൃതര്‍ പുലര്‍ത്തുന്നത്. ഇതു വരെ ഇവിടെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 13 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത ഇതര ജില്ലകളില്‍ പോയി വന്നവരും ടൂറിസ്റ്റ് ടാക്‌സിയായി എയര്‍പോര്‍ട്ടില്‍ ഓട്ടം പോയി വന്നവരുമാണ് നിരീക്ഷണത്തിലുള്ളത്. കൊറോണ ബാധിതരുമായി ഇവര്‍ക്കൊന്നും നേരിട്ട് ഇടപെടലുണ്ടായിട്ടില്ലെങ്കിലും പഴുതടച്ച മുന്‍കരുതല്‍ എന്ന നിലയിലാണ് ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയിരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ് പറഞ്ഞു. അതു കൊണ്ടു സമീപവാസികളോ പൊതുജനങ്ങളോ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും പ്രസിഡന്റ് അറിയിച്ചു.
മേഖലയിലെ എല്ലാ റിസോര്‍ട്ടുകളിലും നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്.. രോഗബാധിത രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാവരേയും ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്. തദ്ദേശീയരും വിദേശീയരുമായി ഇവിടെ എത്തുന്ന എല്ലാവരേയും പനിയുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ചെക്ക് പോസ്റ്റില്‍ സ്‌ക്രീനിംങ്ങ് തുടരുന്നു. പ്രത്യേകം രൂപീകരിച്ച ഒരു സ്‌ക്വാഡ് ടീം വാഹനത്തില്‍ റിസോര്‍ട്ട്, ഹോം സ്റ്റേ തുടങ്ങിയിടത്ത് പരിശോധന നടത്തി വരുന്നു. ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡ് തലത്തിലും ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടികളും നിരീക്ഷണവും നടത്തി വരുന്നു. റിസോര്‍ട്ട്, ഹോം സ്റ്റേ, ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസ് നല്കി കഴിഞ്ഞു. വിദേശത്ത് നിന്ന് ആര്, ഏത് സ്ഥാപനത്തില്‍ വന്നാലും പഞ്ചായത്തിലറിയിക്കണമെന്ന ശക്തമായ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
- Log in to post comments