Skip to main content

കോവിഡ് 19: നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന്  ഉറപ്പാക്കണം: മാത്യു ടി തോമസ് എം.എല്‍ എ

ജില്ലയില്‍ കോവിഡ് 19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവല്ല നിയോജക മണ്ഡലത്തിന് കീഴില്‍വരുന്ന എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന്  ഉറപ്പുവരുത്തണമെന്ന് മാത്യു ടി തോമസ് എം.എല്‍.എ പറഞ്ഞു. തിരുവല്ല പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ തദ്ദേശസ്വയംഭരണ മേധാവികള്‍ക്കായി സംഘടിപ്പിച്ച അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍എ.  എല്ലാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രോഗ പ്രതിരോധത്തിനായി സജീവമായി ഇടപെടണമെന്നും സമൂഹത്തിന്റെ താഴെതട്ടില്‍ വരെ പ്രതിരോധ നടപടികളെക്കുറിച്ചുള്ള ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 

വ്യക്തിശുചിത്വത്തിനാവശ്യമായ സാനിറ്റൈസറും തൂവാലയും ജില്ലാ കളക്ടര്‍ എം.എല്‍.എയ്ക്ക് കൈമാറി 'ബ്രെയ്ക് ദി ചെയിന്‍' ക്യാമ്പയിന് തുടക്കംകുറിച്ചു.  ഓരോ ഗ്രാമപഞ്ചായത്തും അതത് പഞ്ചായത്ത് പരിധിയില്‍ വരുന്ന പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ട് ലിസ്റ്റ് ശേഖരിക്കണം. ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ പരമാവധി കുറയ്ക്കണമെന്നും എല്ലാവരും വ്യക്തിശുചിത്വം പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ആലപ്പുഴ മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. സൈറു ഫിലിപ്പ് തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികള്‍ക്ക് പ്രതിരോധത്തിന്റെ ഭാഗമായി കൈകള്‍ കഴുകല്‍, മറ്റു ശുചിത്വമാര്‍ഗങ്ങളേക്കുറിച്ചും ക്ലാസെടുത്തു.

പുളിക്കീഴ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ.റെജി തോമസ്, എസ്.വി സുബിന്‍, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ഡി.പി.എം ഡോ.എബി സുഷന്‍, തിരുവല്ല തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

 

date