Skip to main content

ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധ നടപടികള്‍ തുടരും കോഴികള്‍ക്കുള്ള നഷ്ടപരിഹാര തുക ഈ മാസം 31ന് മുമ്പ്: മന്ത്രി അഡ്വ.കെ രാജു

പക്ഷിപ്പനിയെ തുടര്‍ന്ന് കോഴികളെ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര തുക ഈ മാസം (മാര്‍ച്ച് 31നകം ) തന്നെ വിതരണം ചെയ്യുമെന്ന് മൃഗസംരക്ഷണ- ക്ഷീര വികസന-വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. ഒന്ന് മുതല്‍ അറുപത് ദിവസം വരെ പ്രായമായ കോഴികള്‍ക്ക് 100 രൂപ വീതവും രണ്ടു മാസത്തിലധികം പ്രായമായ കോഴികള്‍ക്ക് 200 രൂപ വീതവും കോഴിമുട്ട ഒന്നിന് അഞ്ച് രൂപ വീതവും അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മലപ്പുറം കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നത തല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  
വളര്‍ത്തു പക്ഷികളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നതും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. പക്ഷിപ്പനിയ്ക്കിടയാക്കുന്ന വൈറസ് മനുഷ്യരിലേക്ക് പകരില്ല എന്നുറപ്പില്ലാത്തതിനാലും പക്ഷിപ്പനി പ്രതിരോധത്തിന്  ലോകത്ത് ഇതുവരെ ഫലപ്രദമായ മരുന്ന് കണ്ടു പിടിക്കാത്തതിനാലുമാണ് കോഴികളെയും താറാവുകളെയും വളര്‍ത്തു പക്ഷികളെയും നശിപ്പിക്കേണ്ടി വരുന്നത്. പക്ഷിപ്പനി പ്രതിരോധത്തില്‍ അഖിലേന്ത്യ അടിസ്ഥാനത്തിലുള്ള പ്രോട്ടോകോള്‍ പാലിച്ചാണ് നടപടികള്‍ സ്വീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച പരപ്പനങ്ങാടി പാലത്തിങ്ങലിന് ഒരു കിലോമീറ്റര്‍ പരിധിയിലെ മുഴുവന്‍ കോഴികളെയും വളര്‍ത്തു പക്ഷികളെയും നശിപ്പിക്കുന്ന നടപടി തുടരും.
ഈ മേഖലയില്‍ അടുത്ത രണ്ട് മാസം  വരെ  കോഴി ഇറച്ചി കടകള്‍ക്കും മുട്ട വില്‍പ്പന കേന്ദ്രങ്ങള്‍ക്കും നിരോധനം തുടരും.  അടുത്ത മൂന്നു മാസക്കാലം പ്രദേശത്തെ വീടുകളില്‍ കോഴികളെ വളര്‍ത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ പ്രോട്ടോകോള്‍ പ്രകാരം അനുമതിയുണ്ടാകില്ല.
പ്രദേശത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഇറച്ചിക്കടകളുടെയും മുട്ട വില്‍പ്പന കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനത്തില്‍ നിയന്ത്രണവുമുണ്ടാകും. പത്ത് കിലോമീറ്റര്‍ പരിധിയ്ക്കപ്പുറത്തേക്കും തിരിച്ചും കോഴികളെ കൊണ്ടു പോകാനോ കൊണ്ടുവരാനോ പാടില്ലെന്നും  സുരക്ഷ കണക്കിലെടുത്ത് ജനങ്ങള്‍ തുടര്‍ന്നും  സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
ഇക്കാര്യങ്ങള്‍ ജനങ്ങളെ ബോധവത്ക്കരിക്കാന്‍ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലെ വീടുകള്‍ തോറും ലഘുലേഖകള്‍ വിതരണം ചെയ്യും. പക്ഷിപ്പനി വിഷയത്തില്‍ ആശങ്ക വേണ്ടെന്നും എന്നാല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. കൊറോണ മുന്‍കരുതല്‍ നടപടികള്‍ പാലിക്കേണ്ടതിനാലാണ് പക്ഷിപ്പനി സ്ഥിരീകരിച്ച പാലത്തിങ്ങലിലെ സന്ദര്‍ശനം ഒഴിവാക്കിയതെന്നും മന്ത്രി പറഞ്ഞു. 
യോഗത്തില്‍  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ , എം.എല്‍. എ മാരായ പികെ അബ്ദുറബ്ബ്, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി ഉബൈദുള്ള, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എം കെ പ്രസാദ്, അഡീഷനല്‍ ഡയറക്ടര്‍ ഡോ. സി.മധു, അഡീഷനല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി, ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം, മൃഗ സംരക്ഷണ വകുപ്പ് ജില്ല ഓഫീസര്‍ ഡോ. റാണി കെ ഉമ്മന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അയ്യൂബ് തുടങ്ങിയവര്‍ സംസാരിച്ചു.
 

date