പോലീസും നാട്ടുകാരും ഒത്തുചേര്‍ന്നു; കുമളി ടൗണും ബസ് സ്റ്റാന്റും വൃത്തിയാക്കി
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നവര്‍,നിയമപാലകര്‍. ഈ ദൗത്യം അന്വര്‍ത്ഥമാക്കുകയാണ് കുമളിയിലെ പോലീസ് ഉദ്യോഗസ്ഥര്‍. കോവിഡ് - 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തി മേഖലയായ കുമളി ടൗണ്‍, ബസ് സ്റ്റാന്‍ഡ് എന്നിവ കഴുകി വൃത്തിയാക്കി, ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കി മാതൃകയായിരിക്കുകയാണ് ഇവര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസും ആരോഗ്യ പ്രവര്‍ത്തകരും പഞ്ചായത്തും മുന്നിട്ടിറങ്ങിയപ്പോള്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ടാക്‌സി തൊഴിലാളികളും നാട്ടുകാരും അവര്‍ക്കൊപ്പം ഏകമനസോടെ ചേര്‍ന്നു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് കുമളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.കെ.ജയപ്രകാശ്, എസ് ഐമാരായ പ്രശാന്ത് .പി.നായര്‍, സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം ശുചീകരണത്തിനെത്തിയത്. ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിച്ചാണ് ടൗണും ബസ് സ്റ്റാന്റും ടാക്‌സി സ്റ്റാന്റും കഴുകി വൃത്തിയാക്കിയത്. സംസ്ഥാന അതിര്‍ത്തി മേഖലയായ കുമളി ചെക്ക് പോസ്റ്റ് വഴി ആയിരക്കണക്കിനാളുകളാണ് ദിനവും കടന്നു പോകുന്നത്. തേക്കടി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രത്തിലേക്കും വിവിധ റിസോര്‍ട്ടുകളിലേക്കുമായി വിദേശ, സ്വദേശ വിനോദ സഞ്ചാരികളും അന്യസംസ്ഥാനത്തു നിന്നുള്ള ശബരിമല തീര്‍ത്ഥാടകരും എത്തുന്ന പ്രധാന കേന്ദ്രമാണ് കുമളി . അതു കൊണ്ടു തന്നെ ഈ മേഖലയില്‍ അതീവ ആരോഗ്യജാഗ്രതയാണ് അധികൃതര്‍ പുലര്‍ത്തുന്നത്. ഞായറാഴ്ച്ച മുതല്‍ 24 മണിക്കൂറും അതിര്‍ത്തിയില്‍ ആരോഗ്യ വകുപ്പും, പോലീസും പരിശോധന കര്‍ശനമാക്കിയിരുന്നു. അതിര്‍ത്തി കടക്കുന്ന യാത്രികരെ ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തി പനിയുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് ആരോഗ്യ വകുപ്പും പോലീസും തുടര്‍യാത്ര അനുവദിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ആറ് പോലീസുകാരെയും ഇതിനായി മാത്രം ഇവിടെ നിയോഗിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായി കൈകഴുകുന്നതിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശുചീകരണ ശേഷം വൈറസ് പ്രതിരോധ ബോധവത്ക്കരണം, കൈ കഴുകുന്ന രീതികള്‍ എന്നിവയെ കുറിച്ചു പൊതുജനങ്ങള്‍ക്ക് ക്ലാസും നല്‍കി. വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കുമളിയിലെ ശുചീകരണ പ്രവര്‍ത്തനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പങ്കാളികളായ പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, വിവിധ ടാക്‌സി തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണം ,കൊറോണ വിപത്തിനെതിരെയുള്ള ഐക്യത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് സി.ഐ വി.കെ.ജയപ്രകാശ് പറഞ്ഞു.
- Log in to post comments