Skip to main content

കോവിഡ്-19: മുന്‍കരുതലുകള്‍ ശക്തമാക്കി ബാലുശ്ശേരി താലൂക്ക് ആശുപത്രി 

 

നിരീക്ഷണത്തില്‍ 377 പേര്‍

 

ജില്ലയിലെ മുഴുവന്‍ ആശുപത്രികളും കോവിഡ്-19 പ്രതിരോധത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി കഴിഞ്ഞു. മുഴുവന്‍ സമയ ഹെല്‍പ് ലൈനും കൗണ്‍സിലിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങളും ത്വരിതഗതിയിലാണ്. ബാലുശ്ശേരി താലൂക്ക് ആശുപത്രി പരിധിയില്‍ 377 പേരാണ് കോവിഡ്-19 നിരീക്ഷണത്തില്‍ ഉള്ളത്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യവിവരങ്ങള്‍ ദിവസേന ഫോണ്‍മുഖേന ശേഖരിക്കുന്നുണ്ട്. ബ്ലോക്ക് പരിധിയിലെ മുഴുവന്‍ ആശ പ്രവര്‍ത്തകര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും നാല് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിശീലനം നല്‍കി കഴിഞ്ഞതായി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.കെ സുരേശന്‍ പറഞ്ഞു.

 

ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മുഴുവന്‍ പഞ്ചായത്തുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മുന്‍കരുതല്‍ നടപടികള്‍ ആശുപത്രി മുഖേന സ്വീകരിച്ചിട്ടുണ്ട്. പഞ്ചായത്തുകളിലെ പ്രധാന കവലകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് മൈക്ക് അനൗണ്‍സ്‌മെന്റും നടത്തുന്നു. കോവിഡ്-19 സ്ഥിരീകരിച്ചില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ 10 ബെഡുകളുള്ള ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരണവും ആശുപത്രിയില്‍ നടത്തിയിട്ടുണ്ട്.

 

ആശുപത്രിയിലെത്തുന്നവര്‍ക്ക് കൈയ്യും മുഖവും ശുചീകരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കല്ല്യാണം, ഉത്സവം, ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. നിര്‍ദേശം പാലിക്കാത്തവരുടെ വീടുകളില്‍ നേരിട്ട് ചെന്ന് ബോധവല്‍കരണവും നല്‍കുന്നു. പ്രധാന ബസ് സ്റ്റോപ്പുകളിലെല്ലാം കൈകള്‍ കഴുകാനുള്ള ടാപ്പും വെള്ളവും സ്ഥാപിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനൊപ്പം നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

date