Skip to main content

കോവിഡ് 19; ജില്ലയില്‍ സാമൂഹ്യ അടുക്കളകള്‍ തുടങ്ങി

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ആശ്വാസ നടപടികളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടംബശ്രീയുമായി ചേര്‍ന്ന് ജില്ലയില്‍ സാമൂഹ്യ അടുക്കളകള്‍ തുടങ്ങി. 34 കേന്ദ്രങ്ങളില്‍ ആരംഭിച്ച സാമൂഹ്യ അടുക്കളകള്‍ വഴി ആവശ്യാനുസരണം ഭക്ഷണ പൊതികള്‍ വീടുകളില്‍ നേരിട്ടാണ് എത്തിക്കുന്നത്. ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളിലും സാമൂഹ്യ അടുക്കളകള്‍ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. ഭക്ഷണം ആവശ്യമുള്ളവരുടെ കണക്കുകള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനവും സജീവമാക്കി.
അടുക്കളകള്‍ തുറക്കുന്നതിന് കുടുംബശ്രീ സംരംഭങ്ങള്‍ക്ക് പ്രാഥമിക പ്രവര്‍ത്തന മൂലധനം കുടുംബശ്രീ റിവോള്‍വിങ് ഫണ്ടില്‍ നിന്നും നല്‍കിയിട്ടുണ്ട്. 10.90 രൂപയ്ക്ക് അരി ലഭ്യമാക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. പച്ചക്കറി വിതരണത്തിന് ഹോര്‍ട്ടികോര്‍പ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. 20 രൂപയ്ക്കാകും ഭക്ഷണം നല്‍കുക. അഞ്ചു രൂപ പാഴ്‌സല്‍ ചാജ്ജായി ഈടാക്കും. പഞ്ചായത്തിലെ നിര്‍ധനര്‍, അഗതി കുടുംബങ്ങള്‍, കിടപ്പ് രോഗികള്‍, ഭിക്ഷാടകര്‍ തുടങ്ങിയവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ സൗജന്യമായി ഭക്ഷണം ലഭ്യമാക്കും. ഇതിനുള്ള ചെലവ് തദ്ദേശ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് വഹിക്കും. കൊറോണയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ നിബന്ധനകള്‍ പാലിച്ചാണ് അടുക്കളകളുടെ പ്രവര്‍ത്തനം. കിച്ചണ്‍ യൂണിറ്റ് അംഗങ്ങളും വിതരണക്കാരും യൂണിറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരും മാസ്‌കും കൈയ്യുറകളും ധരിച്ചാണ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.
കൊല്ലം കോര്‍പ്പറേഷനില്‍ വിഷ്ണത്തുകാവ്, കാവനാട്, തൃക്കടവൂര്‍, കിളികൊല്ലൂര്‍, വടക്കേവിള എന്നിവിടങ്ങളിലാണ് സാമൂഹ്യ അടുക്കളകള്‍ തുടങ്ങിയത്. വിഷ്ണത്തുകാവില്‍ പൊതിചോറ് വിതരണത്തിന് മേയര്‍ ഹണി ബഞ്ചമിന്‍ തുടക്കം കുറിച്ചു. ഇന്ന് (മാര്‍ച്ച് 28) ടൗണ്‍ ഹാള്‍ അടക്കമുള്ള കേന്ദ്രങ്ങളില്‍ സാമൂഹ്യ അടുക്കളകള്‍ ആരംഭിക്കുമെന്ന് മേയര്‍ പറഞ്ഞു.

 

date