Skip to main content

കോവിഡ് 19; ഹെല്‍ത്ത് ആന്റ് സാനിറ്റേഷന്‍ ടീം പ്രവര്‍ത്തന സജ്ജം

കോവിഡ് 19 വൈറസിന്റെ സാമൂഹ്യ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാതല ഹെല്‍ത്ത് ആന്‍ഡ് സാനിറ്റേഷന്‍ ടീം പ്രവര്‍ത്തനമാരംഭിച്ചു. ഒന്‍പത് പേരടങ്ങുന്ന രണ്ട് ടീമുകളാണ് രൂപീകരിച്ചിട്ടുള്ളത്. ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, കോര്‍പ്പറേഷന്‍ സെക്രട്ടറി, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ സൂപ്പര്‍വൈസര്‍മാരും ഡിഡിപി സൂപ്രണ്ടുമാര്‍, കലക്‌ട്രേറ്റ് ജീവനക്കാര്‍, ശുചിത്വമിഷന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അംഗങ്ങളായുമാണ് ടീം. കോവിഡ് 19 മായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,  മുന്‍സിപ്പാലിറ്റികള്‍ എന്നിവിടങ്ങളില്‍  നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായാണ് ടീമുകള്‍ രൂപീകരിച്ചിട്ടുള്ളത്.
പൊതുസ്ഥലങ്ങള്‍, ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ മാലിന്യങ്ങള്‍ നീക്കംചെയ്തു അണുവിമുക്തമാക്കാന്‍ സ്പ്രേയിങ് നടത്തുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടാവുന്നതാണെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ടീം അംഗങ്ങള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

 

date