Skip to main content

കോവിഡ് 19 വയറും മനസും നിറച്ച് കൊട്ടാരക്കരയിലെ സാമൂഹ്യ അടുക്കളകള്‍

അവിയല്‍, തോരന്‍, കിച്ചടി തുടങ്ങി വീട്ടിലെ അടുക്കളയില്‍ ഉള്ളതിനേക്കാള്‍ ഏറെ വിഭവങ്ങള്‍. രുചിയും കെങ്കേമം. കൊറോണ പ്രതിരോധ കാലത്ത്  ഒരുനേരത്തെ അന്നം ലഭിക്കാത്തവരെ വയറുനിറയെ ഊട്ടുകയാണ് സാമൂഹ്യ അടുക്കള വഴി  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍.
കൊട്ടാരക്കര ബ്ലോക്ക്പഞ്ചായത്ത് പരിധിയിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകളിലും  കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു. കൊട്ടാരക്കര നഗരസഭയും വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടത്തുന്നത്.
വെളിയം ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചന്‍ സെന്റര്‍ വെളിയം ജംഗ്ഷനിലുള്ള ദിയ ഹോട്ടലിലാണ് പ്രവര്‍ത്തിക്കുന്നത്.  കമ്മ്യൂണിറ്റി കിച്ചന് വേണ്ടി പഞ്ചായത്ത് ഈ ഹോട്ടല്‍  ഏറ്റെടുക്കുകയായിരുന്നു.  വെളിയം ടൗണ്‍ വാര്‍ഡിലെ ഭാവന കുടുംബശ്രീ യൂണിറ്റിന്റെ  നേതൃത്വത്തിലാണ് കിച്ചന്‍ പ്രവര്‍ത്തിക്കുന്നത്.
220 പേര്‍ക്കാണ് സൗജന്യമായി ഭക്ഷണം തയ്യാറാക്കി വീടുകളില്‍ എത്തിച്ചത്.  രണ്ടു നേരത്തെ ഭക്ഷണം ഒരുമിച്ചാണ് നല്‍കിവരുന്നത്.  അസിസ്റ്റന്റ് സെക്രട്ടറി,  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍,  കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തിക്കുന്ന ടൗണ്‍ വാര്‍ഡ് അംഗം,  സി ഡി എസ് അംഗം എന്നിവര്‍  അടങ്ങിയ ടീമിനാണ് മോണിറ്ററിങ് ചുമതല.  
തിങ്കളാഴ്ച മുതല്‍ ഓടനാവട്ടത്ത്  പഞ്ചായത്തിന്റെ രണ്ടാമത്തെ  സെന്റര്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കും. 300 പേര്‍ക്കാണ് രണ്ടാമത്തെ യൂണിറ്റ് വഴി സൗജന്യമായി  ഭക്ഷണം എത്തിച്ച് കൊടുക്കുകയെന്ന്  വെളിയം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാല്‍ പറഞ്ഞു. കൊട്ടാരക്കര ബ്ലോക്ക്പഞ്ചായത്ത് പരിധിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഭക്ഷണം സൗജന്യമായി എത്തിച്ചു നല്‍കുകയാണ് വെളിയം ഗ്രാമപഞ്ചായത്ത്.
കരീപ്ര ഗ്രാമപഞ്ചായത്തില്‍  സോപാനം ഓഡിറ്റോറിയത്തിലാണ് കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് നേരത്തെ ആഹാരം ആവശ്യക്കാര്‍ക്ക്  വീടുകളില്‍ എത്തിച്ചു  നല്‍കി  വരികയാണെന്ന്   കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുള്‍  റഹ്മാന്‍ പറഞ്ഞു.
എഴുകോണ്‍, പൂയപ്പള്ളി, നെടുവത്തൂര്‍ പഞ്ചായത്തുകളിലും മികച്ച രീതിയിലാണ് കമ്മ്യൂണിറ്റി കിച്ചന്റെ  പ്രവര്‍ത്തനം നടക്കുന്നത്.

date