Skip to main content

കോവിഡ് 19 അന്തര്‍ സംസ്ഥാന ചരക്ക് നീക്കം സുഗമമാക്കും

ജില്ലയിലേക്ക് അവശ്യ സാധനങ്ങളായ അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍ എന്നിവ സുഗമമായി എത്തിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കല്കടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവശ്യ സാധനങ്ങളുടെ മൊത്തകച്ചവടക്കാരുടെയും വിതരണക്കാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ സംവിധാനം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന് ചരക്ക് വാഹനങ്ങള്‍ ലഭിക്കാത്ത സാഹചര്യമുണ്ടെങ്കില്‍ ജില്ലയില്‍ നിന്നും വാഹനങ്ങള്‍ നിശ്ചിത വാടക നിരക്കില്‍ ഏര്‍പ്പെടുത്തി നല്‍കുന്നതിന് ആര്‍ ടി ഒ യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേക്ക് അവശ്യവസ്തുക്കള്‍ കൊണ്ടുവരുന്നതിനായി പോകുന്ന ചരക്കുവാഹനങ്ങളുടെ പാസുകള്‍(സ്റ്റിക്കര്‍) മോട്ടോര്‍ വാഹന വകുപ്പ് നല്‍കും.  സ്റ്റിക്കറിനോടൊപ്പം ലോറി ഡ്രൈവര്‍/സ്റ്റാഫ് എന്നിവര്‍ക്ക് ഫോട്ടോ പതിച്ച ഐ ഡി കാര്‍ഡ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കും.
ആര്യങ്കാവ് അതിര്‍ത്തിയില്‍ എത്തിച്ചേരുന്ന വാഹനങ്ങള്‍ യാത്രയ്ക്ക് മുമ്പായി ചെക്ക് പോസ്റ്റിന് സമീപത്തായി ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തണം. ഇതിനായി അഗ്നിരക്ഷാ സേനയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ മെഡിക്കല്‍ ഓഫീസര്‍, വില്ലേജ് ഓഫീസര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍/പ്രതിനിധി എന്നിവര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ മോട്ടോര്‍ വാഹന അധികൃതര്‍ നല്‍കിയിരിക്കുന്ന പാസ് പരിശോധിച്ച് വാഹനം അതിര്‍ത്തി കടന്ന് പോകുവാനുള്ള പെര്‍മിറ്റ്/സാക്ഷ്യപത്രം നല്‍കണം.
ഡ്രൈവറെയും സ്റ്റാഫിനെയും മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് ലോഗലക്ഷണങ്ങള്‍ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തി നല്‍കും. ഇതിനായുള്ള ഡോക്ടര്‍മാരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിയോഗിക്കും.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ നിര്‍ബന്ധമായും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കേണ്ടതാണ്. സാധനങ്ങള്‍ അമിതവിലയ്ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മൊത്തവ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കൊണ്ട് വരുന്നതിന് ചില്ലറ വ്യാപാരികള്‍ക്ക് ആവശ്യമായ പാസുകള്‍ പോലീസ് നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍, റൂറല്‍ എസ് പി ഹരിശങ്കര്‍, എ ഡി എം പി.ആര്‍. ഗോപാലകൃഷ്ണന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ സി എസ് ഉണ്ണികൃഷ്ണകുമാര്‍, ആര്‍ ടി ഒ ആര്‍.രാജീവ്, വിവിധ വ്യാപാര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date