Skip to main content

കോവിഡ്-19 :ജില്ലയില്‍ 17 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു ജില്ലയിലെ രോഗം ബാധിതരുടെ എണ്ണം 106 ആയി 

ജില്ലയില്‍  ഇന്നലെ(മാര്‍ച്ച് 30) 17 പേര്‍ക്കു കൂടി  കൊവിഡ് -19  രോഗം സ്ഥിരീകരിച്ചു.ഇതോടെ ജില്ലയിലെ രോഗ ബാധിതരുടെ എണ്ണം 106 ആയി.നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളത് 7447 പേരാണ്  .ഇതില്‍ 134 പേര്‍ ആശുപത്രികളിലും 7313 പേര്‍ വീടുകളിലും ആണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇനി 428 പേരുടെ ഫലം കൂടി  ലഭിക്കാനുണ്ട്.ഇന്നലെ മാത്രം(മാര്‍ച്ച് 30) 30 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതുവരെ   ലഭിച്ച   375 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്.  .പുതുതായി ഒന്‍പത് പേരെ കൂടി ഐസോലോഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 

പ്രമേഹരോഗികള്‍, ഹൈപ്പര്‍ടെഷന്‍ രോഗികള്‍, ഹൃദ്രോഗം ഉള്ളവര്‍ ,ആസ്മ, മറ്റു ഗുരുതര അസുഖം ഉള്ളവര്‍ എന്നിവര്‍ക്ക് രോഗം ബാധിച്ചാല്‍ കൂടുതല്‍ സങ്കീര്‍ണ്ണതയ്ക്ക് സാധ്യത ഉള്ളതിനാല്‍  ഇവര്‍ വീടുകളില്‍ തന്നെ  കഴിയണം. അവര്‍ക്കാവശ്യമുള്ള മരുന്ന്  ആശുപത്രികളില്‍ നിന്നും കുടുംബാംഗങ്ങള്‍ മുഖേന  വാങ്ങണം.  അവശ്യ സാധനങ്ങളുടെ കടകളില്‍ ജോലി ചെയ്യുന്നവരും ആവശ്യക്കാരും മതിയായ അകലം പാലിക്കുകയും സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കുകയും വേണം.ഗര്‍ഭിണികളും മുതിര്‍ന്നവരും കുട്ടികളും കൂടുതല്‍ ശ്രദ്ധിക്കണം. കുട്ടികള്‍  വീടുകളില്‍  നീരിക്ഷണത്തില്‍ കഴിയുന്നവരുമായുള്ള സമ്പര്‍ക്കം  പൂര്‍ണമായും ഒഴിവാക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക .  ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കാണുകയാണെകില്‍ മാത്രം ആശുപത്രിയെ സമീപിക്കുക. 

 

നിരീക്ഷണത്തിലുള്ള വരെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

• പരിചരണ സമയത്ത്  മാസ്‌ക് ധരിക്കുക. 

• പരിചരണത്തിന് ശേഷം കൈകള്‍ നല്ലപോലെ കഴുകി ശരിയായരീതിയില്‍ സംസ്‌കരിക്കുകയും ചെയുക.

• പരിചരിക്കുന്നയാള്‍ അല്ലാതെ മറ്റാരും  മുറിയില്‍ പ്രവേശിക്കരുത്.

• നീരിക്ഷണത്തില്‍ ഇരിക്കുന്ന ആള്‍ വീട്ടില്‍ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക 

• നീരിക്ഷണത്തില്‍ ഉള്ള വ്യക്തിയുടെ വീട്ടില്‍ ചെറിയ കുട്ടികള്‍, വൃദ്ധര്‍, ഗുരുതര രോഗബാധിതര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഉണ്ടെങ്കില്‍ മാറി താമസിക്കുക കുടുംബാംഗങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുക.

 

കോവിഡ് 19 പ്രതിരോധം അവലോകനം നടത്തി

 

ജില്ലയില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കും അതിഥിതൊഴിലാളികള്‍ക്കും  ഉള്‍പ്പടെ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്താന്‍ നടപടി  സ്വീകരിച്ചതായി  കോവിഡ് 19 വ്യാപനം തടയുന്നതിന് ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് സ്‌പെഷ്യല്‍ ഓഫീസറായി നിയമിതനായ  വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി  അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. കളക്ടറേറ്റിലെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം..  കൊറോണ വൈറസ് പ്രതിരോധത്തിന് ജില്ലയില്‍ പോലീസ് സ്വീകരിച്ച നടപടികള്‍ ഐജി വിജയ് സാഖറെ  വിശദീകരിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി  സജിത് ബാബു,,കോഴിക്കോട്  സോണല്‍ ഐ ജി  അശോക് യാദവ്,എഡിഎം എന്‍ ദേവീദാസ്, ഡിഎം ഒ ഡോ എ വി രാംദാസ്,ജില്ലാ സര്‍വലന്‍സ് ഓഫീസര്‍ ഡോ എ ടി മനോജ്,  സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍  ആര്‍#ഡി ഒ അഹമ്മദ് കബീര്‍ സംസാരിച്ചു. ,വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു 

വയോജനങ്ങള്‍ക്ക് സഹായത്തിന് വിളിക്കാം

 

 ജില്ലയില്‍ ലോക്ഡൗണിനെ തുടര്‍ന്ന്  ഒറ്റപെട്ടുപോയ വയോജനങ്ങളുടെ കാര്യത്തില്‍ ജില്ലാ ഭരണകൂടം  പ്രത്യേക ശ്രദ്ധ പുലര്‍ത്തും. വീടുകളില്‍ തനിച്ചായ വയോജനങ്ങള്‍ക്ക് ആവശ്യമായ മരുന്നിനും മറ്റ്  സേവനങ്ങള്‍ക്കും കളക്ടറേറ്റിലെ കൊറോണ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂമില്‍ സംവിധാനമൊരുക്കി. മരുന്നാവശ്യമുള്ളവര്‍ക്ക്  വിളിക്കാം.. ഫോണ്‍ 9387088887

 

 

തൊഴിലുടമകള്‍

തൊഴിലാളികള്‍ക്ക് ഭക്ഷണവും ശമ്പളവും നല്‍കണം

 

ജില്ലയിലെ തൊഴിലുടമകള്‍  അവരുടെ കീഴില്‍ ജോലി ചെയ്യുന്ന  അതിഥിതൊഴിലാളികള്‍ക്ക് നിര്‍ബന്ധമായും ഭക്ഷണവും ശബളവും ലഭ്യമാക്കണം. ഇല്ലാത്തപക്ഷം തൊഴിലുടമകള്‍ക്കെതിരെ – ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് അനുസരിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബൂ അറിയിച്ചു. 

സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കണം

ജില്ലയിലെ അടഞ്ഞു കിടക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍, ഓഫീസുകള്‍ മറ്റ് സ്ഥാപനങ്ങള്‍ എന്നിവ തുറക്കുന്നതിന്  24 മണിക്കൂര്‍ മുമ്പ്  അണുനാശിനി ഉപയോഗിച്ച് ശുചീകരിച്ച് പൂര്‍ണമായും അണു വിമുക്തമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബൂ അറിയിച്ചു. 

അവശ്യസാധനങ്ങള്‍ വാങ്ങാന്‍  ഒരു കുടുംബത്തില്‍  നിന്ന് ഒരാള്‍ മാത്രമേ പുറത്തിറങ്ങാവു

അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഒരു കുടുംബത്തില്‍  നിന്ന് ഒരാള്‍ മാേ്രത പുറത്തിറങ്ങാവു എന്ന് സ്‌പെഷ്യല്‍ ഓഫീസറായ വ്യവസായ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി  അല്‍കേഷ് കുമാര്‍ ശര്‍മ്മ അറിയിച്ചു. ഒന്നിലധികം ആളുകള്‍ ഒരു കുടുംബത്തില്‍ നിന്ന് സാധനം വാങ്ങാന്‍ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്. 

ഓട്ടോയില്‍  ഒരാള്‍ക്കും  കാറില്‍ രണ്ട് ആളുകള്‍ക്കും മാത്രമേ സഞ്ചരിക്കാന്‍ അനുമതിയുള്ളു .ഇത് ലംഘിക്കുന്നവര്‍ക്കെതിരെ   പോലീസ് കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഐജി വിജയ് സാഖറെ  അിറയിച്ചു.

ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് 

കാണിച്ചാല്‍ സഞ്ചരിക്കാം

സാമ്പത്തീക വര്‍ഷത്തിന്റെ അവസാന ദിനമായതിനാല്‍  ഇന്ന് ബാങ്ക്, ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് വൈകിയും ജോലി ചെയ്യേണ്ടി വരും. അതിനാല്‍   ഇവര്‍ക്ക്  തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ സഞ്ചരിക്കാന്‍  പോലീസ് അനുമതി ലഭിക്കും.

എല്ലാ പഞ്ചായത്തിലും കമ്മ്യൂണിറ്റി കിച്ചണ്‍

ഇതുവരെയായി കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കാത്ത എല്ലാ പഞ്ചായത്തുകളിലും  കമ്മ്യൂണിറ്റി കിച്ചണ്‍  ഉടന്‍ ആരംഭിക്കും.ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഭക്ഷണവും സുരക്ഷയും വൈദ്യ സഹായവും  ഉറപ്പു വരുത്തും. ഇവരുടെ  പാചകത്തിനാവശ്യമായ ആവശ്യമായ 10 ലിറ്റര്‍ വീതം മണ്ണെണ്ണ 38 കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. എഫ് സി ഐയില്‍ ആവശ്യമായ ഭക്ഷ്യധാന്യ ശേഖരമുണ്ടെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു. കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ പഞ്ചായത്തുതലത്തില്‍ ശേഖരിച്ച് കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് നല്‍കും.  

കോവിഡ് ആശുപത്രികളിലും കെയര്‍ സെന്ററുകളിലും 

ആവശ്യമായ സൗകര്യം ഒരുക്കും

ജില്ലയിലെ കോവിഡ് ആശുപത്രികളിലും കെയര്‍ സെന്ററുകളിലും ആവശ്യമായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ആവശ്യത്തിനുള്ള മരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും ലഭ്യമാണ്.

ആരും പട്ടിണി കിടക്കേണ്ടി വരില്ല

പ്രാദേശികമായി വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ  നിലവാരം ഉറപ്പാക്കണം. അതിഥി തൊഴിലാളികള്‍ക്കായി 10000 ഭക്ഷ്യകിറ്റ് വിതരണം ചെയ്യാന്‍ നടപടിയായി. പട്ടികജാതി പട്ടികവര്‍ഗ കോളനികളില്‍ ഭക്ഷണത്തിന് പ്രയാസം നേരിടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇതിന് ആവശ്യമായി നടപടി സ്വീകരിക്കാന്‍ പട്ടികജാതി ,പട്ടിക വര്‍ഗ  വികസന ഓഫീസര്‍മാരോട്  നിര്‍ദ്ദേശിച്ചു. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഭക്ഷണം നല്‍കുമെന്നും  ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. 

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ പോലീസ് സംഘം

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ പോലീസ് സംഘത്തെ നിയോഗിച്ചു. പുറത്തിറങ്ങിയാല്‍ സര്‍ക്കാരിന്റെ കൊറോണനിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും ഐ ജി വിജയ് സാഖറെ അറിയിച്ചു. ഉദയഗിരി വനിതാ ഹോസ്റ്റല്‍, സെഞ്ചുറി പാര്‍ക്ക്,എയര്‍ലൈന്‍സ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിരീക്ഷണത്തിലുള്ള വരെ മാറ്റുമ്പോള്‍ ഭക്ഷണം ഉള്‍പ്പടെ സൗകര്യങ്ങള്‍ ഉറപ്പാക്കും.

കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവ ലഭ്യമാക്കാന്‍

 നാല് വലിയ വാഹനങ്ങള്‍

കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവ ലഭ്യമാക്കാന്‍ നാല് വലിയ വാഹനങ്ങള്‍ ഏര്‍പ്പെടുത്തി.നിരീക്ഷണത്തിലുള്ള വീടുകളിലെ വളര്‍ത്തു മൃഗങ്ങള്‍ക്ക് ആഹാരം നല്‍കാന്‍ ആവശ്യമായ നടപടിയെടുക്കാന്‍ മൃഗസംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്തി.

 

date