Skip to main content

സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്നുമുതൽ, തിരക്കൊഴിവാക്കാൻ ക്രമീകരണം

* അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാൻ വിജിലൻസ് ഇടപെടും
സൗജന്യ റേഷൻ വിതരണം ബുധനാഴ്ച (എപ്രിൽ ഒന്ന്) മുതൽ ആരംഭിക്കുമെന്നും തിരക്കൊഴിവാക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
എല്ലാ ദിവസവും രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണന വിഭാഗങ്ങൾക്കും ഉച്ചയ്ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കും (നീല, വെള്ള കാർഡുകൾക്ക്) വിതരണം നടത്തും. എപ്രിൽ ഒന്നിന് പൂജ്യം, ഒന്ന് എന്ന സംഖ്യകളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും, രണ്ടാം തീയതി രണ്ട്, മൂന്ന് സംഖ്യകളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും, മൂന്നാംതീയതി നാല്, അഞ്ച് സംഖ്യകളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും, നാലാം തിയതി ആറ്, ഏഴ് സംഖ്യകളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും, അഞ്ചാം തീയതി എട്ട്, ഒൻപത് സംഖ്യകളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും റേഷൻ വാങ്ങാം. നിശ്ചിതദിവസം എത്താനാകാത്തവർക്ക് റേഷൻ വാങ്ങാൻ പിന്നീട് സൗകര്യമൊരുക്കും.
ഒരുസമയം അഞ്ചുപേർ വരെ മാത്രമേ റേഷൻ കടയിൽ ഉണ്ടാകാൻ പാടുള്ളൂ. ശാരീരിക അകലം പാലിച്ചേ വിതരണം നടത്താവൂ. ഇതിനായി ടോക്കൺ പോലുള്ള മാർഗങ്ങൾ സ്വീകരിക്കാം. ജനപ്രതിനിധികളുടെയോ രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ പ്രവർത്തകരുടെയോ സഹായം മാത്രമേ ഇതിൽ റേഷൻ വ്യാപാരികൾക്ക് സ്വീകരിക്കാൻ അനുവാദമുണ്ടാകൂ. നേരിട്ടെത്തി റേഷൻ വാങ്ങാൻ കഴിയാത്തവർക്ക് വീടുകളിൽ സാധനങ്ങൾ എത്തിക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ പ്രവർത്തകരുടെ സഹായം റേഷൻ കടകളിൽ ഉറപ്പുവരുത്തും.
ഈ മാസം കൂടുതൽ അളവിൽ റേഷൻ വിതരണമുള്ളതിനാലും ലോക്ക്ഡൗൺ നിയന്ത്രണങ്ങളുള്ളതിനാലും ധാന്യം വാങ്ങാൻ വരുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം ക്രമീകരണത്തിന് തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടൽ വേണം.
അന്ത്യോദയ വിഭാഗത്തിൽപ്പെട്ടവർക്കും മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്കും ആദ്യം ധാന്യം ലഭ്യമാക്കാനാണ് സന്നദ്ധ പ്രവർത്തകർ മുന്തിയ പരിഗണന നൽകേണ്ടത്. വീടുകളിൽ തനിയെ താമസിക്കുന്ന മുതിർന്ന പൗരൻമാർ, ശാരീരിക അവശതകൾ ഉള്ളവർ, അസുഖം ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നവർ തുടങ്ങിയവർക്ക് വീടുകളിൽ റേഷൻ എത്തിച്ചുകൊടുക്കാൻ തികഞ്ഞ സത്യസന്ധതയോടും സുതാര്യതയോടും സന്നദ്ധപ്രവർത്തകർ തയാറാകണം.
അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് പരിശോധിച്ച് നടപടിയെടുക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്തി. വിലകൂട്ടി സാധനങ്ങൾ വിൽക്കുന്നത് ഗുരുതരമായ തെറ്റായിട്ടാണ് കാണുന്നത്. ശക്തമായ നടപടിയെടുക്കും. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ എല്ലാ തലത്തിലും ശ്രദ്ധിക്കണം.  എൽപിജി സിലിണ്ടറിനും ക്ഷാമമുണ്ടാകരുത്. വടക്കൻ ജില്ലകളിൽ സാധനങ്ങൾ എത്തിക്കാൻ മടിച്ചുനിൽക്കുന്നവരെ ബോധവൽക്കരിച്ച് സുരക്ഷാ മുൻകരുതലുകളോടെ ക്രമീകരണം ഉണ്ടാക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
കമ്യൂണിറ്റി കിച്ചൻ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ആരംഭിച്ചു. 1034 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ 1304 കമ്യൂണിറ്റി കിച്ചനുകളാണുള്ളത്. വീടുകളിൽ പച്ചക്കറികൃഷിക്കായി മൂന്നുലക്ഷം വിത്തുപാക്കറ്റുകൾ തയാറായിട്ടുണ്ട്. ഇതിനുപുറമെ കൃഷിവകുപ്പിന്റെ ഫാമുകളിൽ 9100 പച്ചക്കറി വിത്തുപാക്കറ്റുകളും 1.91 ലക്ഷം തൈകളും വിതരണത്തിന് തയാറായി. ഇത് ഉടൻ വിതരണം ചെയ്യും.
കോഴി, താറാവ്, കന്നുകാലികൾ, പന്നി എന്നിവയ്ക്ക് തീറ്റ കിട്ടാതെയുള്ള പ്രശ്നത്തിൽ പ്രാദേശികതലത്തിൽ ഇടപെടൽ ഉണ്ടാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അതിഥി തൊഴിലാളികൾക്ക് സേവനങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സംസ്ഥാന തലത്തിൽ എഡിജിപിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള സംവിധാനം. 48 മണിക്കൂറിനുള്ളിൽ ഇത് നടപ്പാക്കിത്തുടങ്ങും. തൊഴിലാളികൾക്ക് പൊലീസിന്റെ തിരിച്ചറിയൽ കാർഡ് നൽകും. ഈ കാർഡ് വഴി തൊഴിൽവകുപ്പ് പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തും. ഇതിനുപുറമെ മറ്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കാനും ഇത് സഹായകമാകും.
കരാറുകാരുടെ കീഴിലുള്ളവരും ഒറ്റപ്പെട്ടുള്ളവരും എന്നനിലയിൽ അതിഥി തൊഴിലാളികൾ രണ്ടുതരത്തിലുണ്ട്. ഭക്ഷണവും മറ്റു സഹായവും നൽകുമ്പോൾ ഒറ്റപ്പെട്ട് താമസിക്കുന്നവർ ഒഴിവായിപ്പോകരുത്. അവർക്ക് മാന്യമായ ഭക്ഷണം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
പി.എൻ.എക്സ്.1288/2020

date