Skip to main content

കോവിഡ് പ്രതിരോധം: കേരളത്തിന്റെ നേട്ടത്തിനാധാരം ആരോഗ്യപ്രവർത്തകരുടെ മികവ്

*ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ രൂപപ്പെടുത്താൻ 17 അംഗ ടാസ്‌ക് ഫോഴ്‌സ്
കോവിഡ് 19 പ്രതിരോധത്തിൽ കേരളത്തിന്റെ നേട്ടത്തിനാധാരം ആരോഗ്യ സംവിധാനത്തിന്റേയും ആരോഗ്യപ്രവർത്തകരുടേയും മികവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകത്തെ വികസിത രാഷ്ട്രങ്ങളിൽ പോലും കോവിഡ് വൻതോതിൽ വ്യാപിക്കുകയും നിരവധി പേർ മരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ന്യൂയോർക്കിൽ മാർച്ച് ഒന്നിന് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത ശേഷം 92,381 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2219 പേർ മരണമടഞ്ഞു. ഈ പശ്ചാത്തലത്തിൽ വേണം കേരളത്തിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ കാണാൻ. കേരളത്തിൽ ജനുവരി 30ന് ആദ്യ രോഗം സ്ഥിരീകരിച്ച ശേഷം 295 പേരാണ് രോഗബാധിതരായത്. രോഗവ്യാപനം വലിയ തോതിൽ പിടിച്ചുനിർത്താൻ കേരളത്തിന് സാധിച്ചത് ഒറ്റക്കെട്ടായുള്ള പരിശ്രമത്തിന്റെ ഫലമായാണ്.
ലോക്ക്ഡൗണിൽ നിന്ന് മാറുന്ന വേളയിൽ സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ച് നിർദ്ദേശങ്ങൾ രൂപപ്പെടുത്താൻ മുൻ ചീഫ് സെക്രട്ടറി കെ. എം. എബ്രഹാമിന്റെ നേതൃത്വത്തിൽ 17 അംഗ ടാസ്‌ക്ക്‌ഫോഴ്‌സിന് സംസ്ഥാനം രൂപം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. അടൂർ ഗോപാലകൃഷ്ണൻ, മാമ്മൻമാത്യു, എം. വി. ശ്രേയാംസ്‌കുമാർ, ബിഷപ്പ് മാത്യു അറയ്ക്കൽ, അരുണ സുന്ദർരാജൻ, ജേക്കബ് പുന്നൂസ്, ബി. രാമൻപിള്ള, രാജീവ് സദാനന്ദൻ, ഡോ. ബി. ഇക്ബാൽ, ഡോ. എം. വി. പിള്ള, ഡോ. ഫസൽഗഫൂർ, മുരളി തുമ്മരുകുടി, ഡോ. മൃദുൽ ഈപ്പൻ, ഡോ. പി. എ. കുമാർ, ഡോ. ഖദീജ മുംതാസ്, ഇരുദയരാജൻ എന്നിവരാണ് അംഗങ്ങൾ.
ചരക്ക് ലോറികളുടെ വരവിൽ ചെറിയ കുറവുണ്ടായിട്ടുണ്ട്. ചിലയിടങ്ങളിൽ സാധനവില വർദ്ധിക്കുകയും പച്ചക്കറി ക്ഷാമം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ ഫലപ്രദമായ ഇടപെടലിന് നിർദ്ദേശിച്ചു. ജൻധൻയോജന പ്രകാരമുള്ള 500 രൂപ എടുക്കുന്നതിന് മൂന്നു ദിവസം ബാങ്കുകളിൽ തിരക്കുണ്ടാവാനിടയുണ്ട്. ഇക്കാര്യത്തിൽ ബാങ്ക് അധികൃതരും പോലീസും ശ്രദ്ധിക്കണം. ഈ പ്രതിസന്ധി ഘട്ടത്തിൽ ബാങ്ക് ഉദ്യോഗസ്ഥർ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. അവരുടെ പ്രവർത്തനം പ്രശംസനീയമാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നല്ല രീതിയിൽ സംഭാവന ലഭിക്കുന്നുണ്ട്. ഈ തുക മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കില്ല. തിരുവനന്തപുരം ജില്ലാ പഞ്ചായത്തും വൈദ്യുതി താരിഫ് റഗുലേറ്ററി കമ്മിഷനും ഒന്നരകോടി രൂപ നൽകി. കൺസ്യൂമർഫെഡ് ഒരു കോടി രൂപയും മാടായി റൂറൽ സഹകരണ ബാങ്ക് 76 ലക്ഷം രൂപയും നൽകി. പി. എസ്. സി ചെയർമാനും അംഗങ്ങളും ഒരു മാസത്തെ വേതനം നൽകി. മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ അസോസിയേഷൻ ഒരു മാസത്തെ ശമ്പളമാണ് നൽകിയത്. കോഴിക്കോട് വടക്കുമ്പാട് സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും 38,65,000 രൂപ നൽകി. എറണാകുളം ജില്ലാ പോലീസ് വായ്പ സംഘം 25 ലക്ഷം രൂപ നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലേതുൾപ്പെടെയുള്ള ജീവനക്കാർ ദുരിതാശ്വാസ നിധിയുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
198 റേഷൻ കടകളിൽ ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി 19 കടകൾക്കെതിരെ നടപടിയെടുത്തു. 12,000 രൂപ പിഴയീടാക്കി. ഗ്രാമങ്ങളിൽ ചിലയിടങ്ങളിൽ ക്ലിനിക്കുകൾ തുറക്കുന്നില്ലെന്നും ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. എല്ലാ ക്ലിനിക്കുകളും തുറന്ന് പ്രവർത്തിക്കണം. ഈ ഘട്ടത്തിൽ എല്ലാവരും മാസ്‌ക്ക് ധരിക്കുന്നത് ഉചിതമാണ്. ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ കൃത്യമായ ബോധവത്ക്കരണം സമൂഹത്തിൽ ഉണ്ടാവണം. മറ്റുള്ളവർക്ക് രോഗം പടരാതിരിക്കാൻ കരുതലിന്റെ ഭാഗമായി മറ്റു രാജ്യങ്ങളിൽ മാസ്‌ക്ക് ധരിക്കുന്നുണ്ട്. മീനിലെ മായം കണ്ടെത്താനുള്ള പരിശോധന വ്യാപകമാക്കും. കരൾമാറ്റിവച്ചവർക്ക് ആവശ്യമായ മരുന്ന് എത്തിക്കുന്നതിന് സന്നദ്ധപ്രവർത്തകർ, പോലീസ്, ഫയർഫോഴ്‌സ് എന്നിവർ നടപടി സ്വീകരിക്കും. മത്‌സ്യബന്ധനത്തിന് മറ്റു സ്ഥലങ്ങളിൽ പോയി മടങ്ങി വരുന്നവർ സുരക്ഷാ പരിശോധനകൾക്ക് വിധേയരാകണം. നിശ്ചിത ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടതായും വരും. ലോക്ക്ഡൗൺ കാലയളവിൽ തീരമേഖലയിൽ പട്ടിണിയും കഷ്ടപ്പാടും ഉണ്ടാകാതെ ശ്രദ്ധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
സാമൂഹ്യ അടുക്കളകളിൽ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കണം. അവിടെ നിയോഗിക്കപ്പെട്ടവർ മാത്രം മതി. ഇഷ്ടക്കാർക്ക് ഭക്ഷണം കൊടുക്കാമെന്ന് പ്രത്യേക സ്ഥാനത്തിരിക്കുന്നവർ കരുതിയാൽ അനുവദിക്കില്ല. ഇതിനെതിരെ തദ്ദേശസ്ഥാപനങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കണം. കോട്ടയം നഗരസഭയ്ക്ക് കീഴിലുള്ള കമ്മ്യൂണിറ്റി കിച്ചൻ തനതുഫണ്ട് തീർന്നതിനാൽ നിറുത്തേണ്ടി വരുമെന്ന റിപ്പോർട്ട് ശ്രദ്ധയിൽപെട്ടു. എന്നാൽ മാർച്ച് 31ലെ കണക്കു പ്രകാരം കോട്ടയം നഗരസഭയുടെ തനതുഫണ്ടിൽ അഞ്ച് കോടി രൂപയുണ്ട്. 3,01,255 പേർക്ക് സമൂഹ അടുക്കളയിലൂടെ ഭക്ഷണം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർമാർക്ക് കെ. എസ്. ആർ. ടി. സി ഡ്രൈവർമാരുടെ സേവനം ഉപയോഗിക്കാം. വിവിധയിടങ്ങളിലെ മാലിന്യം കൃത്യമായി സംസ്‌കരിക്കാനാവണം. കുടിവെള്ളത്തിന് ക്ഷാമമുണ്ടാകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 997 നീതി മെഡിക്കൽ സ്‌റ്റോറുകൾ വഴി  അവശ്യമരുന്നുകൾ വീടുകളിലെത്തിക്കും. ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ അവശ്യ സാധനങ്ങളുടെ ഹോം ഡെലിവറിയും കൺസ്യൂമർ ഫെഡറേഷൻ നിർവഹിക്കും.
ഈ അവസരത്തിൽ നിരവധി വ്യാജ വാർത്തകൾ ഉണ്ടാകുന്നുണ്ട്. തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം വർധിച്ചതിനാൽ കേരളം അതിർത്തി മണ്ണിട്ട് അടച്ചുവെന്നാണ് ഒരു വാർത്ത. അയൽ സംസ്ഥാനത്തുള്ളവരെ കേരളം സഹോദരങ്ങളായാണ് കാണുന്നത്. കേരളം റോഡ് തടസപ്പെടുത്തുകയോ മണ്ണിട്ടു മൂടുകയോ ചെയ്യില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വീടുകളിലിരുന്ന ജോലി ചെയ്യുന്നവർക്കായി പ്രതിദിനം അഞ്ച് ജിബി ഡാറ്റ സൗജന്യമായി ലഭിക്കുന്ന ബ്രോഡ് ബാൻഡ് സംവിധാനം ബി. എസ്. എൻ. എൽ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും ധനസഹായം സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.1333/2020

 

date